അതിവേഗ ഡ്രൈവർമാരെ ലക്ഷ്യമിട്ട് ഹൈവേ റഡാർ പരിശോധന
text_fieldsകുവൈത്ത് സിറ്റി: അമിതവേഗതയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക. രാജ്യത്തുടനീളമുള്ള പ്രധാന ഹൈവേകളിൽ വിപുലമായ റഡാർ നിരീക്ഷണ പരിശോധനയുമായി ജനറൽ ട്രാഫിക് വകുപ്പ് രംഗത്തുണ്ട്.
ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ അതീഖിയും ട്രാഫിക് റെഗുലേഷൻ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ ഖത്തനും നേതൃത്വം നൽകിയ പരിശോധനയിൽ ഹൈവേകളിൽ നവീന റഡാർ ഉപകരണങ്ങൾ ഘടിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിങ് നിയന്ത്രിക്കുകയും വേഗം പരിധി കർശനമായി പാലിപ്പിക്കുകയും ചെയ്യുന്നതിനുള്ള വകുപ്പിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
നിയമപരമായ വേഗം മറികടക്കുന്ന ഡ്രൈവർമാരെ കണ്ടെത്തി നടപടിയെടുക്കുന്നതിലൂടെ അപകടസാധ്യത കുറക്കുകയാണ് ഫീൽഡ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള റോഡുകൾ കൂടുതൽ സുരക്ഷിതവും ക്രമവത്തുമായതാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. അതേസമയം, ഈ വർഷം ഏപ്രിലിൽ കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയതോടെ ഗതാഗത നിയമലംഘനങ്ങളിലും റോഡപകടങ്ങളിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
റോഡ് സുരക്ഷ വർധിപ്പിക്കൽ, സ്മാർട്ട് സുരക്ഷ-ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കൽ, നിയമലംഘനങ്ങൾ കുറക്കൽ, അപകടകരമായ ഡ്രൈവിങ് ശീലങ്ങൾ നിയന്ത്രിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. നേരത്തെയുള്ള പിഴകളിൽ വൻ വർധന പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

