ചൂടു കൂടുന്നു; പുറം തൊഴിലുകൾക്ക് നാളെ മുതൽ നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: താപനില ഉയർന്നതോടെ രാജ്യത്ത് പുറം ജോലികൾക്ക് നാളെ മുതൽ നിയന്ത്രണം. രാവിലെ 11മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽവരുന്ന നിയമം ആഗസ്റ്റ് 31 വരെ തുടരും. വേനൽക്കാലത്തെ കനത്ത ചൂടിന്റെ ഗുരുതരമായ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് നിയന്ത്രണം. 2015ലാണ് രാജ്യത്ത് ഉച്ചവിശ്രമ നിയന്ത്രണം ആദ്യമായി അവതരിപ്പിച്ചത്.
വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളുടെ നേതൃത്വത്തില്‍ കർശന പരിശോധനയും നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയും ഉണ്ടാകും.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി ബോധവത്കരണ കാമ്പയിന് തുടങ്ങിയിട്ടുണ്ട്.
അതിനിടെ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെ ത്തി. രാത്രിയിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
തുറസ്സായ പ്രദേശങ്ങളിൽ കാറ്റ് മൂലം പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ താപനിലയിൽ വർധനവും ചൂടുള്ള കാലാവസ്ഥയാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തെ നിലവിൽ ഇന്ത്യൻ സീസണൽ ന്യൂനമർദം സ്വാധീനിക്കുന്നുണ്ട്. ഇതാണ് ചൂടും, വരണ്ടതുമായ കാറ്റിന് പ്രധാന കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. കടൽ പ്രദേശങ്ങളിൽ താമസിക്കുന്നവരും പുറത്തിറങ്ങുന്നവരും ചൂടിനും പൊടിപടലത്തിനുമെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നല്കി.
ബൈക്കുകൾക്കും നിയന്ത്രണം
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് ഡെലിവറി ബൈക്കുകൾക്കും പകൽ സമയങ്ങളിൽ നിയന്ത്രണം. രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. കമ്പനികൾ നിർദേശം കർശനമായി പാലിക്കണം. വിലക്ക് ലം ഘിക്കുന്നവർക്ക് ശക്തമായ പിഴകൾ നേരിടേണ്ടിവരും. മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

