കുവൈത്തിൽ മരുന്നിന് അധിക വില; ആശുപത്രിയിലെത്തുന്ന വിദേശികളുടെ എണ്ണം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നിന് ഫീസ് ഏർപ്പെടുത്തിയതോടെ ആശുപത്രിയിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ കുറവ്. ഡോക്ടർ ഫീസ്, മരുന്നുഫീസ് എന്നിങ്ങനെ വലിയ തുക ആകുമെന്നതിനാൽ ചെറിയ അസുഖമുള്ളവർ ആശുപത്രിയിലെത്താൻ മടിക്കുകയാണ്.
ഇതോടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം 60 ശതമാനം കുറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 1200 രോഗികള്‍ ചികിത്സക്കായി വന്നിരുന്ന ക്ലിനിക്കുകളിൽ സന്ദര്‍ശകരുടെ എണ്ണം 400ൽ താഴെയാണ് കുറഞ്ഞത്. അതേസമയം, പ്രമേഹ ക്ലിനിക്കുകളിലും അത്യാഹിത വിഭാഗത്തിലും എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച മുതലാണ് പ്രവാസികളുടെ ചികിത്സ ചെലവിൽ വലിയ മാറ്റങ്ങളോടെ പുതിയ നിരക്ക് നിലവിൽ വന്നത്. ഇതിന്റെ ഭാഗമായി പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെ മരുന്നുകൾക്ക് പുതിയ നിരക്ക് നിശ്ചയിച്ചു.
നേരത്തേ സൗജന്യമായിരുന്ന മരുന്നിനാണ് ആരോഗ്യ മന്ത്രാലയം ഫീസ് ഏര്‍പ്പെടുത്തിയത്. നേരത്തേ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും എമർജൻസി റൂമുകളിലും രണ്ടു ദീനാറാണ് പരിശോധന ഫീസ് ഉണ്ടായിരുന്നത്. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാറായിരുന്നു നിരക്ക്. ഡോക്ടറുടെ പരിശോധനയും സൗജന്യ മരുന്നും ഇതുവഴി ലഭിക്കുമായിരുന്നു. പുതിയ നിരക്ക് ഏർപ്പെടുത്തിയതോടെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ പ്രവാസികൾക്ക് പരിശോധനക്കും മരുന്നിനുമായി ഏഴു ദീനാർ ചെലവഴിക്കണം. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 20 ദീനാറും ചെലവുവരും.
മരുന്നിന് വില ഏർപ്പെടുത്തിയതിനെതിരെ ദേശീയ മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് ഹംദാൻ അൽ നിംഷാൻ രംഗത്തെത്തി. ആരോഗ്യ ഇൻഷുറൻസ് ഫീസ് നല്കുന്നതിനാല് മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുച്ഛമായ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അധിക ഫീസ് താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ ആശുപത്രികളില്‍ എത്താത്ത സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ഹംദാൻ സൂചിപ്പിച്ചു.
എന്നാൽ, മരുന്നുകൾ പാഴാക്കുന്നത് തടയാനും ആരോഗ്യസേവനങ്ങൾ ഉയർത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനിടെ, പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ നേടുന്ന വിദേശികള്‍ക്ക് സ്വകാര്യ ഫാര്‍മസിയില്‍നിന്നും മരുന്ന് വാങ്ങാമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

