മൂടൽമഞ്ഞിൽ മുങ്ങി പ്രഭാതങ്ങൾ
text_fieldsകഴിഞ്ഞ ദിവസം രാജ്യത്ത് പ്രകടമായ മൂടൽമഞ്ഞ്
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രഭാതങ്ങളിൽ കനത്ത് മൂടൽമഞ്ഞ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ചില ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് മൂടി. കുവൈത്ത് സിറ്റിയിൽ കെട്ടിടങ്ങളുടെ വലിയ ഭാഗങ്ങൾ മഞ്ഞ് മൂടുകയും അംബരചുംബികളായ കെട്ടിടങ്ങളെ ഭാഗികമായി മറക്കുകയും ചെയ്തു. ഗോപുരങ്ങളുടെ മുകൾ ഭാഗങ്ങൾ മാത്രമാണ് മൂടൽമഞ്ഞിന് മുകളിൽ കാണാനായത്.
ഉയർന്ന ആർദ്രതയും കുറഞ്ഞ താപനിലയുമാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണം. എന്നാൽ കാറ്റിന്റെ പ്രവർത്തനം വർധിക്കുകയും പകൽ സമയത്ത് താപനില ഉയരുകയും ചെയ്തതോടെ മഞ്ഞ് ക്രമേണ ഇല്ലാതായി. രാജ്യത്തെ ഉയർന്ന മർദം ബാധിച്ചിരിക്കുന്നതായും ഈർപ്പമുള്ള വായുവും നേരിയ കാറ്റും അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ബുധനാഴ്ച മുതൽ മൂടൽമഞ്ഞ് വീണ്ടും രൂപപ്പെടുന്നതിനും കാരണമാകും.
മൂടൽമഞ്ഞ് മൂലം ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ തീവ്രത കൂടാം. വാഹനമോടിക്കുന്നവരും, കടൽ യാത്രക്കാരും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഉണർത്തി. കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.അതേസമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളായി രാജ്യത്ത് താപനിലയിൽ നേരിയ ഉയർച്ചയും പ്രകടമാണ്.കടുത്ത തണുപ്പിന് ഇതോടെ കുറവു വന്നിട്ടുണ്ട്. എന്നാൽ മാർച്ച് അവസാനം വരെ തണുപ്പ് സീസൺ തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

