സഹായം തുടരുന്നു; കുവൈത്ത് ഗസ്സയിലേക്കയച്ചത് 14 ആംബുലൻസുകൾ
text_fieldsകുവൈത്ത് സഹായവുമായി പുറപ്പെടുന്ന വിമാനം
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം പേറുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമായി കുവൈത്ത് ശനിയാഴ്ച രണ്ട് ആംബുലൻസുകൾ കൂടി അയച്ചു. നേരത്തെ 12 ആംബുലൻസുകൾ എത്തിച്ചിരുന്നു. ഇതിൽ ആറെണ്ണം തീവ്രപരിചരണത്തിന് ഉപയോഗിക്കാവുന്നവയാണ്.
ഗസ്സയിൽ ആശുപത്രികൾക്കുനേരെ ആക്രമണം തുടരുന്നതും ആംബുലൻസുകളുടെ കുറവും കണക്കിലെടുത്താണ് കുവൈത്ത് കൂടുതൽ ആംബുലൻസുകൾ അയക്കുന്നത്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മരുന്നുകളും മറ്റു മെഡിക്കൽ വസ്തുക്കളും കുവൈത്ത് അയച്ചിട്ടുണ്ട്.
ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി കുവൈത്തിന്റെ 12-ാമത്തെ ദുരിതാശ്വാസ വിമാനമാണ് ശനിയാഴ്ച പുറപ്പെട്ടത്. ഭക്ഷ്യവസ്തുക്കളും മെഡിക്കൽ അവശ്യവസ്തുക്കളും വിമാനത്തിലുണ്ട്. ഈജിപ്ത്തിലെ അൽ അരിഷ് വിമാനത്താവളത്തിൽനിന്ന് റഫ അതിർത്തിവഴി ഇവ ഗസ്സയിലെത്തിക്കും. കുവൈത്തയച്ച സഹായങ്ങളിൽ ഭൂരിഭാഗവും ഗസ്സയിൽ എത്തിയതായി ഈജിപ്ത് റെഡ്ക്രസന്റ് സൊസൈറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആംബുലൻസ് വിമാനത്തിൽ കയറ്റുന്നു
ഈജിപ്ത്തിലെ സിനായ് പെനിൻസുലയിലെ അൽ അരിഷ് മേഖലയിലൂടെ ഗസ്സയിലേക്ക് അടിയന്തര സാമഗ്രികളും മെഡിക്കൽ അവശ്യസാധനങ്ങളും വഹിക്കുന്ന ദുരിതാശ്വാസ വിമാനങ്ങൾ അടങ്ങുന്ന കുവൈത്ത് ഹ്യുമാനിറ്റേറിയൻ എയർ ബ്രിഡ്ജ് ഒക്ടോബർ 23നാണ് ആരംഭിച്ചത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ, വ്യോമസേന, ആരോഗ്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, മറ്റ് മാനുഷിക സ്ഥാപനങ്ങൾ എന്നിവ മേൽനോട്ടം വഹിക്കുന്നു.
സഹായം വേഗത്തിലെത്തിക്കാൻ ഏകോപനം സഹായിച്ചു
കുവൈത്ത് സിറ്റി: സർക്കാർ ബോഡികളും ചാരിറ്റി സൊസൈറ്റികളും തമ്മിലുള്ള ഏകോപനവും സഹകരണവും ഗസ്സയിലെ ഫലസ്തീനികൾക്കുള്ള സഹായം വേഗത്തിലെത്തിക്കുന്നതിന് സഹായകമായതായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് വൈസ് പ്രസിഡന്റും കാമ്പയിൻ സൂപ്പർവൈസറുമായ ഒമർ അൽ തുവൈനി പറഞ്ഞു.
കുവൈത്ത് അയക്കുന്ന സഹായങ്ങളിൽ ഫലസ്തീനിലെ നിയുക്ത ബോഡികളാണ് ആവശ്യമായ വിലയിരുത്തൽ നടത്തുന്നത്. ഈജിപ്ഷ്യൻ, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി, സർട്ടിഫൈഡ് ഫലസ്തീനിയൻ സൊസൈറ്റികളുമായി ഏകോപിപ്പിച്ചാണ് റിലീഫ് സൊസൈറ്റി പ്രവർത്തിക്കുന്നതെന്നും അൽ തുവൈനി വ്യക്തമാക്കി.
ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കംമുതൽ സഹായ ശ്രമങ്ങൾ ഏകോപിപ്പിക്കാനും ഫലസ്തീനികൾക്ക് മാനുഷികസഹായം എത്തിക്കാനും സൊസൈറ്റി ശ്രമം ആരംഭിച്ചതായി റിലീഫ് ആൻഡ് പ്രോജക്ട് ഡിപ്പാർട്ട്മെന്റ് മേധാവി മഹ്മൂദ് അൽ മുസ്ബ പറഞ്ഞു.
ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള കാമ്പയിനിന്റെ ഭാഗമായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫിന് 22 സൊസൈറ്റികളുടെ സഹകരണമുണ്ട്. ഇസ്രായേൽ ഒക്ടോബർ ഏഴുമുതൽ ഗസ്സയിൽ ആരംഭിച്ച ക്രൂരമായ ആക്രമണങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

