ഇന്നും സഹായം നൽകാം; ഗസ്സക്ക് അടിയന്തര സഹായം, കാമ്പയിന് മികച്ച പ്രതികരണം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനായി കുവൈത്ത് ആരംഭിച്ച അടിയന്തര കാമ്പയിന് മികച്ച പ്രതികരണം. കാമ്പയിൻ വിജയകരമായി മുന്നേറുകയാണെന്നും രാജ്യത്തുടനീളമുള്ള ചാരിറ്റികളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു. കുവൈത്തിൽ നിന്ന് ഗസ്സയിലേക്ക് എയർ ബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിവിധ വസ്തുക്കളുടെ സംഭരണം, വിതരണ ലോജിസ്റ്റിക്സ് എന്നിവയെക്കുറിച്ച് കെ.ആർ.സി.എസ് നജാത്ത് ചാരിറ്റിയുമായി ചർച്ചചെയ്തു. വിഭവങ്ങളുടെ കൃത്യമായ വിതരണം ഉറപ്പാക്കാൻ ടൈംടേബ്ൾ അനുസരിച്ച് അളവുകൾ ഷെഡ്യൂൾ ചെയ്യും.
കാമ്പയിൻ ആരംഭിച്ച ഞായറാഴ്ച രാത്രി വരെ 37,985 ദാതാക്കളിൽ നിന്ന് 14,52,400 ദീനാർ ലഭിക്കുകയുണ്ടായി. മൂന്നു ദിവസത്തെ കാമ്പയിൻ ചൊവ്വാഴ്ച അവസാനിക്കും. തുടർന്ന് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി വഴി സംഭരണവും തയാറെടുപ്പും ആരംഭിക്കും. ഗസ്സയിലെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി ഞായറാഴ്ചയാണ് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം അടിയന്തര മാനുഷിക കാമ്പയിൻ ആരംഭിച്ചത്. വിദേശകാര്യ മന്ത്രാലയം, കെ.ആർ.സി.എസ്, മറ്റു ചാരിറ്റി സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ. ഗസ്സയിലെ ദുരിതബാധിത കുടുംബങ്ങൾക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ, മാവ്, മറ്റ് അടിസ്ഥാന വസ്തുക്കൾ എന്നിവ എത്തിക്കുകയാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്.
ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഞായറാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് സാമ്പത്തിക സംഭാവനകൾ നൽകാനുള്ള അവസരം. മാർഗനിർദേശങ്ങൾക്കനുസൃതമായി ഭക്ഷ്യവസ്തുക്കളും സംഭാവന ചെയ്യാം. എല്ലാ ഭക്ഷ്യവസ്തുക്കളും കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയിൽ നിന്നായിരിക്കണം. സഹായ വസ്തുക്കളുടെ എകോപനത്തിലും വിതരണത്തിലും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

