കുവൈത്തിൽ ലഭിച്ചത് ശക്തമായ മഴ; വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട്
text_fieldsറോഡിലെ വെള്ളക്കെട്ട് നീക്കുന്നു
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിലായി കുവൈത്തിൽ ലഭിച്ചത് ശക്തമായ മഴ. രാജ്യത്തുടനീളം വ്യത്യസ്ത അളവിലുള്ള മഴയാണ് നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി.
സബാഹ് അൽ അഹ്മദ് പ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഇവിടെ ബുധനാഴ്ച 2.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സാദ് അൽ അബ്ദുല്ല പ്രദേശത്ത് 1.9 മില്ലിമീറ്റർ മഴയും ഖൈറാൻ, ജുലൈയ എന്നിവിടങ്ങളിൽ 1.3 മില്ലിമീറ്റർ വീതവും ലഭിച്ചു. ജഹ്റ, വഫ്ര പ്രദേശങ്ങളിൽ 0.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലെ ആഴത്തിലുള്ള ന്യൂനമർദത്തിൽനിന്നാണ് മഴയെത്തിയത്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിലുള്ള മഴക്ക് കാരണമായി.
മഴ വെള്ളിയാഴ്ച രാത്രി വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായി. പലയിടങ്ങളിലും ഇത് ഗതാഗതക്കുരുക്കിനിടയാക്കി. തെരുവുകളിൽനിന്നും സ്ക്വയറുകളിൽനിന്നും മഴവെള്ളം ഒഴുക്കിക്കളയാൻ പൊതുമരാമത്ത് മന്ത്രാലയം ഉടൻ നടപടി ആരംഭിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും ശുചീകരണ, റോഡ് പ്രവൃത്തി സംഘങ്ങളുടെ പിന്തുണയും ഉണ്ടായി.
കുവൈത്ത് സൈന്യത്തിന്റെ പിന്തുണയും ലഭിച്ചു. സബാഹ് അൽ അഹ്മദ് നഗരത്തിലെ പ്രധാന റോഡുകളിലെ വെള്ളം പുറന്തള്ളുന്നതിനും പമ്പ് ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സേന നിലവിൽ പിന്തുണ നൽകി.
അതേസമയം, ശനിയാഴ്ച രാവിലെയോടെ മഴ ഒഴിഞ്ഞു രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

