കനത്ത ചൂട് തുടരുന്നു.. ഉരുകി വിയർത്ത് ജനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തുടരുന്ന കനത്ത ചൂടിൽ ഉരുകി ജനങ്ങൾ. പകലും രാത്രിയും ഒരുപോലെ ചുട്ടുപൊള്ളുന്ന ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുറത്തിറങ്ങാൻ കഴിയാത്ത അവസഥയിലാണ് ജനങ്ങൾ. നിലവിൽ പകൽ ശരാശരി 50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും ചൂടേറിയ കാലാവസ്ഥയാണ്. ഇതിനൊപ്പം ചൂടുകാറ്റും വീശുന്നുണ്ട്.
വരുംദിവസങ്ങളിലും ഉയർന്ന ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെയും തീവ്രമായ വായു പിണ്ഡത്തിന്റെയും സ്വാധീനമാണ് ഉയർന്ന ചൂടിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ അലി പറഞ്ഞു.
ഇത് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റിനെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുവരും. കാറ്റ് തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കടുത്ത ചൂടുള്ള ദിവസമായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 32 കിലോമീറ്റർ വരെ വേഗതിയിൽ നേരിയതോ മിതമായതോ ആയ കാറ്റു വീശും. പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയിരിക്കും. തിരമാലകൾ നാലു അടി വരെ ഉയരും. ആഗസ്റ്റ് അവസാനം വരെ രാജ്യത്ത് കനത്തചൂട് തുടരും. സെപ്റ്റംബറിൽ അന്തരീക്ഷ താപനില താഴ്ചന്ന് തുടങ്ങും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് രാജ്യം പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

