പ്രഭാതങ്ങളിൽ മൂടൽ മഞ്ഞ്; വിമാന സർവിസുകളെ ബാധിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച പുലർച അനുഭവപ്പെട്ടത് കനത്ത മൂടൽ മഞ്ഞ്. മഞ്ഞ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുകയും പുലർച്ച രണ്ടു മുതൽ തിരശ്ചീന ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറയുകയും ചെയ്തു. ഇതോടെ കുവൈത്തിൽ ഇറങ്ങേണ്ട പല വിമാനങ്ങളും അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. മലയാളികളുമായി കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട കുവൈത്ത് എയർവേസ് ഇറാഖിലെ ബസ്റയിലേക്ക് തിരിച്ചുവിട്ടു.
ഞായറാഴ്ച പുലർച്ച അനുഭവപ്പെട്ട മഞ്ഞ്
ഉച്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുകയും വിമാനത്താവളത്തിൽ ലാൻഡിങ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. തുടർന്ന് പതിവ് ഷെഡ്യൂളുകൾ അനുസരിച്ച് സർവിസ് നടന്നു. വഴി തിരിച്ചുവിട്ട വിമാനങ്ങളും വൈകാതെ കുവൈത്തിൽ എത്തിച്ചേർന്നു.
യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷക്ക് മുൻഗണന നൽകുന്നതായും വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അധികാരികളുമായും എയർലൈനുകളുമായും ഏകോപിപ്പിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. സുഗമമായ വ്യോമഗതാഗതവും സുരക്ഷിതമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് ഡി.ജി.സി.എ കാലാവസ്ഥ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. താൽക്കാലിക വിമാന വഴിതിരിച്ചുവിടലുകളിൽ വിമാനത്താവള ജീവനക്കാരുടെ ശ്രമങ്ങളെയും വിമാനക്കമ്പനികളിൽനിന്നും യാത്രക്കാരിൽ നിന്നുമുള്ള സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

