വിമാന സർവിസുകളെ ബാധിക്കാം കനത്തമൂടൽമഞ്ഞും അസ്ഥിരകാലാവസ്ഥയും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത മൂടൽ മഞ്ഞും അസഥിരകാലാവസഥയും. വരും ദിവസങ്ങളിൽ ആപേക്ഷിക ആർദ്രത വർധിക്കാനും ഇടതൂർന്ന മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ബുധനാഴ്ച രാത്രിയും രാജ്യത്ത് മൂടൽ മഞ്ഞ് പ്രകടമായിരുന്നു.
മഞ്ഞ് പടരുന്നതോടെ തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയും ചില പ്രദേശങ്ങളിൽ പൂജ്യത്തിലെത്താനും സാധ്യതയുണ്ട്. മേഘങ്ങൾ ക്രമേണ വർധിക്കുകയും ശനി,ഞായർ ദിവസങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. മഴകൊപ്പം ഇടിമിന്നലും എത്താം.
വിമാനങ്ങൾ വഴിതിരിച്ചുവിട്ടേക്കാം
കാലാവസ്ഥ പ്രതികൂലമായാൽ കുവൈത്തിലേക്കുള്ള ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടേക്കാമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. കനത്ത മൂടൽമഞ്ഞിന്റെ സാഹചര്യത്തിൽ എയർലൈൻ താൽക്കാലിക നടപടി സ്വീകരിച്ചേക്കാം. എല്ലാ പുന:ക്രമീകരണങ്ങളെയും കുറിച്ച് യാത്രക്കാരെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഞായറാഴ്ച പുലർച്ചെ മുതൽ രൂപപ്പെട്ട കനത്ത മൂടൽ മഞ്ഞ് വിമാന സർവിസുകളെ ബാധിച്ചിരുന്നു. പുലർച്ചെ രണ്ടു മുതൽ തിരശ്ചീന ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞു. ഇതോടെ കുവൈത്തിൽ ഇറങ്ങേണ്ട പല വിമാനങ്ങളും അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. ഉച്ചയോടെയാണ് സർവിസ് പുനരാരംഭിച്ചത്.
സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു -ഡി.ജി.സി.എ
രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് അസഥിരകാലാവസഥ എന്നിവക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ട് കണക്കിലെടുത്ത് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിലും ദ്വീപുകളിലും മൂടൽമഞ്ഞ് രൂപപ്പെടുമെന്നാണ് കാലവസഥ പ്രവചനം. വിഷയത്തിൽ കാലാവസ്ഥ വകുപ്പുമായി തുടർച്ചയായി ഏകോപനം നടത്തിവരുന്നുണ്ട്.
ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനും കാലാവസ്ഥാ അപ്ഡേറ്റുകൾ സൂക്ഷ്മമായി പിന്തുടരുന്നതിനും കാലാവസ്ഥാ നിരീക്ഷണ ടീമും അടിയന്തര പ്രതികരണ സംഘവും ശ്രദ്ധ ചെലുത്തുന്നുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകളുമായും ഏകോപനം തുടരുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

