ആരോഗ്യമന്ത്രിമാർ യോഗം ചേർന്നു; ചികിത്സ സഹകരണം വർധിപ്പിക്കാൻ പദ്ധതികളുമായി ജി.സി.സി
text_fieldsകുവൈത്തിൽ ചേർന്ന ജി.സി.സി ആരോഗ്യമന്ത്രിമാരുടെ യോഗം
കുവൈത്ത് സിറ്റി: സഹകരണം ശക്തിപ്പെടുത്തൽ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ നവീകരിക്കൽ എന്നിവ ലക്ഷ്യമിട്ട് കുവൈത്തിൽ ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗം. പ്രാദേശിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങൾ യോഗത്തിൽ മന്ത്രിമാർ അംഗീകരിച്ചതായി ജി.സി.സി സെക്രട്ടേറിയറ്റ് അറിയിച്ചു. ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ട ജി.സി.സി മയക്കുമരുന്ന് വിരുദ്ധ തന്ത്രത്തിന്റെ ഫലങ്ങൾ യോഗം അംഗീകരിച്ചു. ജി.സി.സി പൊതുജനാരോഗ്യ പദ്ധതിക്ക് (2026-2030) അംഗീകാരം നൽകി.
ആരോഗ്യ സേവനങ്ങളിൽ നവീകരണവും ഗുണനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ജി.സി.സി ഹെൽത്ത് എക്സലൻസ് അവാർഡ് ആരംഭിച്ചതായും പ്രഖ്യാപിച്ചു.
ചികിത്സ രംഗത്ത് നവീകരണവും ഡിജിറ്റൽ രീതികളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത, അന്തർദേശീയ പങ്കാളികളുമായുള്ള സഹകരണം വികസിപ്പിക്കൽ, വൈകല്യത്തിനുള്ള കാരണങ്ങൾ കുറക്കുന്നതിനൊപ്പം വൈകല്യമുള്ളവരെ പിന്തുണക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയും യോഗം ചൂണ്ടിക്കാട്ടി. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അധ്യക്ഷത വഹിച്ചു.
പ്രതിരോധം, ആരോഗ്യ പ്രോത്സാഹനം, അപകടസാധ്യതകൾ നേരിടാനുള്ള സന്നദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രവർത്തനത്തിന് അടിത്തറയിടുന്നതാണ് യോഗ തീരുമാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽ എത്തുന്ന പ്രവാസികൾ പൂർണ ആരോഗ്യമുള്ളവരാണെന്നും പകർച്ചവ്യാധികളോ വിട്ടുമാറാത്ത രോഗങ്ങളോ ഇല്ലെന്നും ഉറപ്പാക്കാൻ പരിശോധിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു.
ഗൾഫ് ആരോഗ്യ സഹകരണം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ആരോഗ്യ നവീകരണത്തിന്റെയും വർധിച്ചുവരുന്ന ആവശ്യകതകൾ അദ്ദേഹം സൂചിപ്പിച്ചു. ഗൾഫ് ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ പ്രധാന സ്തംഭങ്ങളാണ് ഇവയെന്നും വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

