ജഹ്റ ആശുപത്രി ആരോഗ്യമന്ത്രി സന്ദർശിച്ചു; രക്ഷാപ്രവർത്തനത്തിന് അഭിനന്ദനം
text_fieldsആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ജഹ്റ ആശുപത്രിയിൽ
കുവൈത്ത് സിറ്റി: ജഹ്റ ആശുപത്രിയിലെ ബേസ്മെന്റ് മുറിയിലുണ്ടായ തീപിടിത്തം കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ, ഭരണ, എൻജിനീയറിങ് ടീമുകൾ നടത്തിയ മികച്ച ശ്രമങ്ങളെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അഭിനന്ദിച്ചു. ചൊവ്വാഴ്ച ആശുപത്രി സന്ദർശിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ജനറൽ ഫയർ ഫോഴ്സ്, ആഭ്യന്തര, വൈദ്യുതി, ജല മന്ത്രാലയങ്ങൾ എന്നിവയുടെ പ്രതികരണത്തെയും സുരക്ഷ സംവിധാനം മെച്ചപ്പെടുത്തുന്നതിലും ജീവനും സൗകര്യങ്ങളും സംരക്ഷിക്കുന്നതിലും എല്ലാ വിഭാഗങ്ങളുടെയും പങ്കിനെയും മന്ത്രി അഭിനന്ദിച്ചു.
രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ മന്ത്രാലയത്തിന്റെ മുൻഗണനയായി തുടരുന്നു. അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാനും സൗകര്യങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനും അദ്ദേഹം നിർദേശിച്ചു.
മെഡിക്കൽ അതോറിറ്റി മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ ഷമ്മരി, അത്യാഹിത വിഭാഗം മേധാവി ഡോ.അലി ജവാദ്, മെഡിക്കൽ, ടെക്നിക്കൽ, നഴ്സിങ്, എൻജിനീയറിങ്, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് എന്നിവർ അപകടത്തിന്റെ സാഹചര്യങ്ങൾ, അടിയന്തര പദ്ധതി നടപ്പിലാക്കൽ, ആശുപത്രികളിലെ അടിയന്തര വകുപ്പുകളുടെ ഏകോപനം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. തിങ്കളാഴ്ചയാണ് ജഹ്റ ആശുപത്രി കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടിച്ചത്. ചെറിയ രൂപത്തിലുള്ള തീപിടിത്തം ഉടൻ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

