ആരോഗ്യ പ്രശ്നം: ഗുലാം നബി ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുന്‍ കേന്ദ്ര മന്ത്രി ഗുലാം നബി ആസാദിനെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരായ നിലപാട് വിശദീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച വിവിധ പരിപാടികളിൽ പങ്കെടുത്ത ഗുലാം നബി ആസാദിന് ചൊവ്വാഴ്ച ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചൊവ്വാഴ്ചയിലെ പരിപാടികളിൽ നിന്ന് ഇദ്ദേഹം വിട്ടുനിന്നു. ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ചയാണ് ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. നിഷികാന്ത് ദുബെ, ഫാങ്‌നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്നാം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച കുവൈത്ത് സന്ദർശനം പൂർത്തിയാക്കി സംഘം സൗദിയിലെത്തി. സൗദിയിൽ നിന്ന് 30 ന് അൽജീരിയയിലേക്ക് തിരിക്കും. ഇരു രാജ്യങ്ങളിലെയും സന്ദർശനങ്ങളിൽ ഗുലാം നബി ആസാദ് പങ്കെടുക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

