ഹാൻഡ്‌ബാൾ യോഗ്യത മത്സരം; കുവൈത്ത് വിജയക്കുതിപ്പ് തുടരുന്നു
text_fieldsഹോങ്കോങ്ങിനെതിരായ മത്സരത്തിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഐ.എച്ച്.എഫ് പുരുഷ ഹാൻഡ്‌ബാൾ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത മത്സരത്തിൽ കുവൈത്ത് വിജയക്കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് സി രണ്ടാം മൽസരത്തിൽ ഹോങ്കോങ്ങിനെ കുവൈത്ത് 39-25 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ശൈഖ് സാദ് അൽ അബ്ദുല്ല സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ഉടനീളം കുവൈത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.
തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കുവൈത്ത് മികച്ച തന്ത്രങ്ങളും മുന്നേറ്റവും കാഴ്ചവച്ച് ആദ്യപകുതിയിൽത്തന്നെ 23-12 എന്ന മികച്ച ലീഡ് നേടി. രണ്ടാം പകുതിയിലും കുവൈത്തിന്റെ പ്രകടനത്തിൽ കുറവുണ്ടായില്ല. എതിർ ഗോൾമുഖത്ത് നിരന്തര ആക്രമണം നടത്തിയ കുവൈത്ത് മത്സരത്തിൽ പൂർണമായ ആധിപത്യം പുലർത്തി. കുവൈത്ത് ആക്രമണം നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കുവൈത്ത് താരം ഹൈദർ ദഷ്ടിയെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിൽ ഇന്ത്യയെ (46-12) പരാജയപ്പെടുത്തിയ കുവൈത്ത് നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ട അവസാന മൽസരത്തിൽ തിങ്കളാഴ്ച കുവൈത്ത് യു.എ.ഇയെ നേരിടും. ചാമ്പ്യൻഷിപ്പിലെ മികച്ച നാല് ടീമുകൾ 2027 ജനുവരി 13 മുതൽ 31 വരെ ജർമനിയിൽ നടക്കുന്ന 30ാമത് ഐ.എച്ച്.എഫ് പുരുഷ ഹാൻഡ്‌ബാൾ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും. ഈ മാസം 29 വരെ കുവൈത്തിൽ നടക്കുന്ന യോഗ്യത മൽസരത്തിൽ നാലു ഗ്രൂപ്പുകളിലായി 15 രാജ്യങ്ങൾ മാറ്റുരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

