സോന തുന്നിയിടുന്ന പൂക്കൾ
text_fieldsസോനയുടെ വർക്കുകൾ
കുവൈത്ത് സിറ്റി: പയ്യോളിക്കാരിയായ സോന സിദ്ദീഖ് നിറയെ പൂക്കളെ വിരിയിക്കുകയാണ്. പലനിറങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കൾ. ചെടികളിലും മരങ്ങളിലുമല്ല സോനയുടെ ഈ പൂക്കൾ വിരിയുന്നത്. വസ്ത്രങ്ങളിലും മറ്റു പ്രതലങ്ങളിലുമാണ്. ഹാൻഡ് എംബ്രോയ്ഡറിയിൽ ഇതിനകം മികവ് തെളിയിച്ച സോന ഈ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഭർത്താവ് അജിനാസിനൊപ്പം കുവൈത്തിലെത്തിയ സോന പ്രവാസത്തിന്റെ വിരസത അകറ്റാനാണ് ഹാൻഡ് എംബ്രായ്ഡറിയിലേക്ക് തിരിഞ്ഞത്. പിന്നീട് അതൊരു ഇഷ്ടമുള്ള വിനോദമായി. ഏറെ വൈകാതെ വരുമാന മാർഗവും. ഇന്ന് സ്വന്തമായി ഒരു ബ്രാൻഡും ചെറുതല്ലാത്ത ആവശ്യക്കാരും സോനയുടെ ഉൽപന്നങ്ങൾക്കുണ്ട്. പെട്ടന്നൊരു ദിവസം തുന്നി തുടങ്ങിയതല്ല സോന. പല നീരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഹാൻഡ് എംബ്രോയ്ഡറി തെരഞ്ഞെടുത്തത്. ആദ്യ പടിയായി യൂട്യൂബിൽ നിന്ന് പാഠങ്ങളും രീതികളും പഠിച്ചെടുത്തു. പിന്നെ വർണ നൂലുകളും മറ്റുവസ്തുക്കളും സംഘടിപ്പിച്ചു. അങ്ങനെ പതുക്കെയുള്ള തുടക്കം.
ആദ്യമാദ്യം ചെറിയ തുണികളിലായിരുന്നു തുന്നിപ്പഠിച്ചത്. പിന്നെ സ്വന്തം വസ്ത്രങ്ങളിൽ പരീക്ഷണം നടത്തി. കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതോടെ മുന്നോട്ടുപോകാമെന്നായി. മകൾ മെഹ്സ യാസ്ലിന്റെയും അനിയത്തി സയനയുടെ ഉടുപ്പുകളിലെ പരീക്ഷണവും വിജയമായി. അവകണ്ട പലരും ആവശ്യവുമായി സമീപിച്ചതോടെ സോനയുടെ പൂക്കളും ഹിറ്റായി. സംഭവം ക്ലിക്കായതോടെ ആത്മവിശ്വാസവും കൂടി. എംബ്രോയ്ഡറി എന്ന അർഥം വരുന്ന അറബിവാക്കായ ‘തത്രീസ്’ ഉൾപ്പെടുത്തി ‘തത്രീസ് ബൈ സോന സിദ്ദീഖ്’ എന്ന സ്വന്തം ബ്രാൻഡ് തുടങ്ങി. ഇതിന് ലോഗോയും മറ്റു സൗകര്യങ്ങളും ഒരുക്കി ഭർത്താവ് അജിനാസ് കൂടെ നിന്നതോടെ ‘തത്രീസിന്’ ഉയർച്ചയായി. വസ്ത്രങ്ങളിൽ അറബി കാലിഗ്രഫിയും പൂക്കളും ഒരുമിപ്പിച്ചുള്ള രീതിയും പരീക്ഷിച്ചു. ഇതോടെ കുവൈത്തി വനിതകളടക്കം സോനയുടെ ആരാധകരായി. സോനക്ക് പുതിയ വരുമാന മാർഗവും തുറന്നു. ഇതിനിടെ കുട്ടികളുടെ സോക്സ്, തൊപ്പി, ലോക്കറ്റ്, ബാഗ് എന്നിവയിലേക്കും സോനയുടെ കരവിരുത് നീണ്ടു. ഹാൻഡ് എംബ്രോയിഡറിയിൽ ‘ബുക്ക് മാർക്ക്’ എന്ന ആശയവും വിജയിപ്പിച്ചെടുത്തു.
കുട്ടികളുടെ ഡ്രസ് ഡിസൈൻ ചെയ്തു അതിൽ ഹാൻഡ് എംബ്രോയിഡറിയോടെ സ്വയം സ്റ്റിച്ചുചെയ്തു സ്വന്തം ബ്രാൻഡായി പുറത്തിറക്കലാണ് സോനയുടെ അടുത്ത ലക്ഷ്യം. കുഞ്ഞുപ്രായത്തിലെ മകളുടെ വരയയിലും ക്രാഫ്റ്റിലുമുള്ള മികവുകൾ തിരിച്ചറിഞ്ഞ പിതാവ് സിദ്ദീഖിന്റെയും ഉമ്മ സൈറ ബാനുവിന്റെയും പിന്തുണ പ്രോത്സാഹനമായെന്ന് സോന പറയുന്നു. ഉപരിപഠനത്തിന് ഫാഷൻ ടെക്നോളജി തിരഞ്ഞെടുത്തതും അഭിരുചികളെ വികസിപ്പിച്ചു. ക്ലാസിക്കൽ ഡാൻസിലും സോന മികവുതെളിയിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും സ്ഥിരം മത്സരാർഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

