ഹജ്ജ് തീർത്ഥാടകർ കുത്തിവപ്പുകൾ എടുക്കണം
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ പ്രതിരോധ കുത്തിവപ്പുകൾ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ അധികൃതർ നിർദേശിച്ച ആരോഗ്യ സർട്ടിഫിക്കറ്റുകളും ഇവിടെ ലഭിക്കും. മതിയായ പ്രതിരോധശേഷി ഉറപ്പാക്കാൻ യാത്രക്ക് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷൻ എടുക്കണം. പകർച്ചവ്യാധികൾക്കെതിരായ സംരക്ഷണം, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി.
നിർബന്ധിത വാക്സിനേഷനുകളിൽ കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ്, മെനിഞ്ചൈറ്റിസ് വാക്സിൻ എന്നിവ ഉൾപ്പെടുന്നു. തീർത്ഥാടകർക്ക് ഒന്നുകിൽ കോവിഡ്-19 വാക്സിൻ സ്വീകരിക്കാം. അല്ലെങ്കിൽ മുൻകൂർ രോഗപ്രതിരോധ കുത്തിവെപ്പിന്റെയോ പ്രതിരോധശേഷിയുടെയോ തെളിവ് നൽകാം. 65 വയസും അതിൽ കൂടുതലുമുള്ളവർ ഉൾപ്പെടെ, ഗർഭിണികൾ, ഹൃദയം, ശ്വസനവ്യവസ്ഥ, വൃക്ക, നാഡീവ്യവസ്ഥ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികൾ, മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളവർ എന്നിവർക്ക് കോവിഡ്-19 വാക്സിനേഷൻ മന്ത്രാലയം നിർദേശിച്ചു. സിക്കിൾ സെൽ അനീമിയ, തലസീമിയ തുടങ്ങിയ പാരമ്പര്യ രക്ത വൈകല്യങ്ങളുള്ള വ്യക്തികളും, രോഗപ്രതിരോധ ശേഷി ദുർബലമായവരും ഈ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്.
ഹജ്ജ് വേളയിൽ ശ്വസനസംബന്ധമായ സങ്കീർണതകൾ കുറക്കാൻ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ, ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻ എന്നിവയുൾപ്പെടെയുള്ള അധിക വാക്സിനേഷനുകളും ഗുണകരമാണ്. കുവൈത്തിൽ നൽകുന്ന എല്ലാ വാക്സിനുകളും സൗദി ആരോഗ്യ അധികാരികളുടെ അംഗീകാരമുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

