ഹജ്ജ് തീർഥാടകർ വാക്സിനുകൾ എടുക്കണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സേവനങ്ങളും ആരോഗ്യ സർട്ടിഫിക്കറ്റുകളും നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ പുറപ്പെടുവിച്ച ആരോഗ്യ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് നടപടി. ഹജ്ജ് നിർവഹിക്കുന്നവർക്ക് മെനിഞ്ചൈറ്റിസ്, കോവിഡ്-19 വാക്സിനുകൾ എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. 65 വയസ്സിന് മുകളിലുള്ള വ്യക്തികൾ, ഗർഭിണികൾ, ഹൃദയരോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ, വൃക്കരോഗം, നാഡീവ്യൂഹ പ്രശ്നങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, സിക്കിൾ സെൽ അനീമിയ, തലാസീമിയ തുടങ്ങിയ പാരമ്പര്യ രക്തവൈകല്യമുള്ളവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾ എന്നിവർക്ക് വാക്സിൻ നിർബന്ധമാണ്.
സീസണൽ ഇൻഫ്ലുവൻസ വാക്സിൻ, ബാക്ടീരിയൽ ന്യുമോണിയ വാക്സിൻ എന്നിവയും തീർഥാടകർക്ക് ശിപാർശ ചെയ്യുന്ന വാക്സിനേഷനുകളിൽ ഉൾപ്പെടുന്നു. ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ, പോളിയോ, അഞ്ചാംപനി, ചിക്കൻപോക്സ്, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധ വാക്സിനേഷനുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം സൂചിപ്പിച്ചു.
സൗദി അറേബ്യയിലെ ആരോഗ്യവിഭാഗം അംഗീകരിച്ച എല്ലാ വാക്സിനുകളും യാത്രാ തീയതിക്ക് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും എടുക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

