ഹജ്ജ്: കുവൈത്ത് തീർഥാടകർ മടങ്ങിയെത്തി
text_fieldsസൗദിയിൽനിന്ന് മടങ്ങിയെത്തുന്ന തീർഥാടകർ കുവൈത്ത് വിമാനത്താവളത്തിൽ
കുവൈത്ത് സിറ്റി: ഹജ്ജ് കഴിഞ്ഞ് സൗദി അറേബ്യയിൽനിന്ന് കുവൈത്തിൽ നിന്നുള്ള മുഴുവൻ തീർഥാടകരും തിരിച്ചെത്തി. 330 തീർഥാടകരുമായി ഞായറാഴ്ച അർധരാത്രിയാണ് അവസാന വിമാനം എത്തിയത്. തീർഥാടകരുടെ മടങ്ങിവരവിനായി ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്നായി 46 വിമാനങ്ങൾ സർവിസ് നടത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഓപറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി പറഞ്ഞു.
കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, സൗദി എയർ കാരിയറായ അഡെൽ വിമാനങ്ങളാണ് കുവൈത്ത് തീർഥാടകർക്കായി സർവിസ് നടത്തിയത്. മടങ്ങുന്ന തീർഥാടകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഡി.ജി.സി.എ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നതായും അദ്ദേഹം അറിയിച്ചു.
ഹജ്ജ് സീസണിന്റെ വിജയകരമായ പര്യവസാനത്തെയും തീർഥാടകർക്ക് യാത്രയും അനുഷ്ഠാനങ്ങളും സുഗമമാക്കുന്നതിനുള്ള കുവൈത്ത് ഹജ്ജ് മിഷന്റെയും ഏജൻസികളുടെയും പരിശ്രമത്തെയും ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രിയും ഇൻഫർമേഷൻ മന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി പ്രശംസിച്ചു. തീർഥാടകരെ സേവിക്കുന്നതിൽ കുവൈത്ത് ഏജൻസികളും സൗദി അധികാരികളും തമ്മിലുള്ള ഏകോപനത്തെയും അദ്ദേഹം അഭിനന്ദിച്ചു. മഹത്തായ സേവനങ്ങൾക്ക് സൗദി അറേബ്യക്കും നന്ദി അറിയിച്ചു.
ഹജ്ജിന്റെ കുറ്റമറ്റതും വിജയകരവുമായ സംഘാടനത്തിൽ സൗദി സൽമാൻ രാജാവിനെയും ഭരണനേതൃത്വത്തെയും കുവൈത്ത് കഴിഞ്ഞദിവസം പ്രശംസിച്ചിരുന്നു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

