ഡിജിറ്റൽ സംയോജനത്തിന് മുൻതൂക്കം നൽകി ഗൾഫ് രാജ്യങ്ങൾ
text_fieldsയോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കിടയിൽ ഡിജിറ്റൽ സംയോജനം വികസിപ്പിക്കുന്നതിനും സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങളെ (എസ്.ഡി.ജി.എസ്) പിന്തുണക്കുന്നതിനുമുള്ള പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി (സി.എ.ഐ.ടി) ആക്ടിങ് ഡയറക്ടർ ജനറൽ നജാത്ത് ഇബ്രാഹിം.
കുവൈത്ത് ആതിഥേയത്വം വഹിച്ച ഡിജിറ്റൽ ഗവൺമെന്റിനെക്കുറിച്ചുള്ള 27-ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നവർ. ജിസിസി 44-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ ഒത്തുചേരലിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
രാജ്യങ്ങൾക്കിടയിലുള്ള ഫലപ്രദമായ സഹകരണവും പുരോഗതിയും ഇത് പ്രതിഫലിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ ഏകോപനത്തിനും പിന്തുണക്കും ജി.സി.സി സെക്രട്ടേറിയറ്റിനെ അവർ പ്രശംസിച്ചു. കൂടുതൽ മികച്ചതും കാര്യക്ഷമവുമായ സർക്കാർ സേവനങ്ങൾ നൽകുന്നതിനുള്ള പ്രധാന ചുവടുവപ്പായി യോഗത്തെ വിശേഷിപ്പിച്ചു.
ജി.സി.സിയുടെ 2024-2030 ഇ-ഗവൺമെന്റ് തന്ത്രത്തിന് കീഴിലുള്ള ഏറ്റവും പുതിയ ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ കമ്മിറ്റി അവലോകനം ചെയ്തതായി അവർ ചൂണ്ടിക്കാട്ടി.
കൃത്രിമബുദ്ധി (എ.ഐ) സംബന്ധിച്ച ഏകീകൃത ഗൾഫ് തന്ത്രം വികസിപ്പിക്കുന്നതിനുള്ള ഒരു പുതിയ സംരംഭത്തിനും കമ്മിറ്റി അംഗീകാരം നൽകി. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

