ആഘോഷിക്കപ്പെടണം, ആ നന്മയും സ്നേഹവും
text_fieldsകുവൈത്ത് സിറ്റി: തുല്യതയില്ലാത്ത വെല്ലുവിളികളിലൂടെയാണ് രണ്ടു വർഷമായി ലോകം കടന്നുപോകുന്നത്. നാം ജീവിക്കുന്ന കുവൈത്തും അതിൽനിന്ന് മുക്തമായിരുന്നില്ല. കോവിഡ് മഹാമാരി നിരവധി പേരുടെ ജീവനെടുത്തു.
തൊഴിൽ രംഗത്ത് പ്രതിസന്ധിയുണ്ടാക്കി. സമ്പദ് വ്യവസ്ഥ കൂപ്പുകുത്തി. തമ്മിൽ ഒത്തുകൂടാനും ആലിംഗനം നടത്താനും സമ്മതിക്കാതെ ഇത്തിരിക്കുഞ്ഞൻ വൈറസ് മനുഷ്യന്റെ പരിമിതികളെ ബോധ്യപ്പെടുത്തി മതിൽക്കെട്ട് തീർത്തു.
അതേസമയം, ശരീരങ്ങളെ അകലങ്ങളിൽ നിർത്താനേ വൈറസിന് സാധിക്കുമായിരുന്നുള്ളൂ. മനസ്സുകൾ ഒന്നാകുന്നതിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും മഹാഗാഥകൾ തീർക്കുന്നതിന്റെയും കഥകൾ നാം ഏറെ കണ്ടു. കാരണം ഒന്നേയുള്ളൂ, മനുഷ്യത്വം. 'മനുഷ്യൻ ഹാ! എത്ര സുന്ദരമായ പദം'എന്ന വാക്യത്തെ അന്വർഥമാക്കും വിധം കോവിഡ് കാലത്ത് നന്മ നിറഞ്ഞൊഴുകി.
സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പാടുപെടുന്ന ആരോഗ്യ പ്രവർത്തകർ, ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണക്കിറ്റുകൾ എത്തിച്ചുനൽകിയവർ, മരണം മുഖാമുഖം കണ്ട നിമിഷങ്ങളിൽ ഓടിയെത്തി ശുശ്രൂഷിച്ചവർ, ആശുപത്രികളിൽ എത്തിച്ചവർ, മരണത്തിന് കീഴടങ്ങിയവരെ വൈറസിന്റെ വെല്ലുവിളിയെ പരിഗണിക്കാതെ ഉപചാരപൂർവം സംസ്കരിക്കാൻ മുന്നിൽ നിന്നവർ, പണമല്ല മനുഷ്യനാണ് മുഖ്യം എന്ന് ആദ്യമേ പ്രഖ്യാപിച്ച് വിവിധ രാജ്യക്കാരായ കുവൈത്ത് നിവാസികളെ ചേർത്തുനിർത്തി സൗജന്യ ചികിത്സയും വാക്സിനും ഭക്ഷണവും നൽകിയ ഭരണകൂടം, കാരുണ്യത്തിന്റെ കലവറ ചൊരിഞ്ഞ സന്നദ്ധ സംഘടനകൾ, കൂട്ടായ്മയുടെ അർഥവും ആവശ്യകതയും മനസ്സിലാക്കിത്തന്ന പ്രവാസി സംഘടനകൾ, ഈയാംപാറ്റകളെ പോലെ മനുഷ്യർ മരിച്ചുവീഴുമ്പോഴും അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ ഉണർന്നിരുന്നവർ, പൊലീസ് എന്നാൽ പേടിപ്പെടുത്തുന്ന വാക്കല്ലെന്ന് സേവനങ്ങളിലൂടെ തെളിയിച്ച സുരക്ഷ ഉദ്യോഗസ്ഥർ, നിശ്ശബ്ദ സേവനങ്ങളുടെ പരമ്പര തീർത്ത ശേഷം ചിത്രത്തിലെവിടെയും വരാതെ മാറിനിന്ന നിസ്വാർഥരായ പച്ചമനുഷ്യർ... ആരെയാണ് മറക്കാൻ കഴിയുക.
ആഘോഷിക്കപ്പെടണം ആ നന്മയും സ്നേഹവും. ആദരിക്കപ്പെടണം മനുഷ്യത്വം. ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. വെല്ലുവിളികൾ പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും ആത്മവിശ്വാസം തിരിച്ചുപിടിച്ചിരിക്കുന്നു.
ഒരുമയുടെ കരുത്തിൽ അതിജീവിക്കാൻ കഴിയുമെന്ന് നമുക്കുറപ്പുണ്ട്. വാക്സിനേഷനിൽ ഗണ്യമായ പുരോഗതി നേടി. അധികം വൈകാതെ മഹാമാരിയെ പടികടത്താമെന്നാണ് പ്രതീക്ഷയും ആഗ്രഹവും. വൈറസിനൊപ്പം ജീവിക്കാനും നാം തയാറെടുത്തു. അതിജീവനത്തിന്റെ ആഘോഷവുമായി ഗൾഫ് മാധ്യമം കുവൈത്ത് എത്തുകയാണ്.
പൂത്തുലഞ്ഞ നന്മയും മനുഷ്യത്വവും ആഘോഷിക്കാനും ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാനും 'സിംഫണി ഓഫ് സർവൈവൽ ആൻഡ് ഫ്രൻഡ്ഷിപ്'എന്ന പേരിൽ മൂന്നാഴ്ചത്തെ കാമ്പയിനും സമാപനമായി ജനുവരി 21ന് ഡിജിറ്റൽ മ്യൂസിക്കൽ ഇവന്റുമാണ് നടത്തുന്നത്. സവിശേഷമായി അടയാളപ്പെടുത്തേണ്ട നന്മകളും ഓർമകളും ഗൾഫ് മാധ്യമത്തിൽ നിങ്ങൾക്കും എഴുതാം, അറിയിക്കാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം. പൂത്തുലയട്ടെ നന്മകൾ, കരുത്താർജിക്കട്ടെ ആത്മവിശ്വാസം, മറികടക്കാൻ കഴിയട്ടെ മഹാമാരിയെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

