ഗൾഫ് കപ്പ്: ഖത്തർ പുറത്ത്; ബഹ്റൈൻ-ഒമാൻ സെമി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ നിർണായകമായ ബി ഗ്രൂപ് മത്സരത്തിൽ ബഹ്റൈനെതിരെ ജയിക്കാനാവാതെ നിലവിലെ ചാമ്പ്യന്മാരായ ഖത്തർ പുറത്തായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ബഹ്റൈൻ സെമിഫൈനലിൽ പ്രവേശിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹസൻ ഖാലിദ് പെനാൽട്ടിയിലൂടെ ഖത്തറിന് ലീഡ് സമ്മാനിച്ചപ്പോൾ അലി മദൻ തകർപ്പൻ വോളിയിലൂടെ ബഹ്റൈന് സമനിലയും സെമി ബർത്തും സമ്മാനിച്ചു. ആവേശം അണമുറ്റിയ മത്സരത്തിൽ രണ്ടു ടീമുകളും ആക്രമിച്ച് കളിച്ചപ്പോൾ പന്ത് ഇരുഭാഗത്തേക്കും കയറിയിറങ്ങി.
പുറത്താവാതിരിക്കാൻ ജയം അനിവാര്യമായിരുന്ന ഖത്തർ തുടക്കം മുതലേ ആക്രമിച്ച് കളിച്ചു. പ്രത്യാക്രമണങ്ങളിലൂടെ ബഹ്റൈനും കളം നിറഞ്ഞപ്പോൾ ആവേശകരമായ മത്സരത്തിനാണ് ജാബിർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒന്നാംപകുതി ഗോൾ പിറക്കാതെ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇൻജുറി ടൈമിൽ പെനാൽട്ടിയിലൂടെ ഖത്തർ ഭാഗ്യം കൊയ്തത്. ആവേശം അതിരുകടന്നപ്പോൾ ഇടക്കിടെ കളി പരുക്കനായി. രണ്ടാം പകുതിയിൽ പലതവണ ചെറിയ കൈയാങ്കളിയിലേക്കും നീങ്ങി. 90ാം മിനിറ്റിൽ ഖത്തറിെൻറ അഹ്മദ് ഫാത്തി ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. ഇറാഖ് യമനെതിരെ ലീഡെടുത്ത വാർത്തയെത്തിയതോടെ സമനിലയായാലും സെമി ഉറപ്പിക്കാമെന്നുവന്നതോടെ അവസാനത്തിൽ ബഹ്റൈൻ കളി തണുപ്പിച്ചു. എങ്ങനെയും ലീഡ് നേടാൻ ഖത്തർ ഇരുവശത്തുകൂടെയും കുതിച്ചുകയറിയെങ്കിലും ബഹ്റൈൻ പ്രതിരോധവും ഗോൾകീപ്പർ വലീദ് അൽ ഹയാമും വിജയകരമായി ചെറുത്തുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
