You are here
ഗൾഫ് കപ്പ്: സെമി കാണാതെ കുവൈത്ത്
ബഹ്റൈനെതിരെ രണ്ടിനെതിരെ നാല് ഗോളിന് തോൽവി
കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്ത് സെമിഫൈനൽ കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ബഹ്റൈനെതിരെ രണ്ടിനെതിരെ നാല് ഗോളിന് തോറ്റാണ് ടീമിെൻറ പിന്മടക്കം. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ അലി മദാൻ ബഹ്റൈനായി ഗോൾ നേടി. ഒരുഗോളിന് പിറകിൽനിന്ന കുവൈത്ത് രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ചകൂട്ടി.
59ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യൂസുഫ് നാസർ ഗോൾ മടക്കി.69ാം മിനിറ്റിൽ ജാസിം അൽ ശൈഖ് വീണ്ടും ബഹ്റൈന് ലീഡ് നൽകിയപ്പോൾ തിയാഗോ അഗസ്റ്റസ് 83ാം മിനിറ്റിൽ ചെമ്പടയുടെ ലീഡ് വർധിപ്പിച്ചു. രണ്ട് മിനിറ്റിനകം 85ാം മിനിറ്റിൽ അഹ്മദ് സൻകി ഗോൾ മടക്കി കുവൈത്തിന് വീണ്ടും പ്രതീക്ഷ പകർന്നെങ്കിലും പിന്നീട് വലയനക്കാൻ കഴിഞ്ഞില്ല. പ്രതീക്ഷ നശിച്ച കുവൈത്തിെൻറ സ്വപ്നങ്ങൾക്ക് മേൽ ഇൻജുറി ടൈമിൽ ഒരു ഗോൾ കൂടി നേടി തിയാഗോ അഗസ്റ്റസ് ആണിയടിച്ചു.
ആക്രമണത്തിലും പാസ് കൃത്യതയിലും ഒരുപടി മുന്നിൽനിന്ന ബഹ്റൈൻ അർഹിക്കുന്ന വിജയമാണ് നേടിയത് ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് നിലവിലെ ചാമ്പ്യന്മാരായ ഒമാനെ കീഴടക്കി സൗദി സെമിയിലെത്തി. ഒമാനൊപ്പം നാല് പോയൻറ് തന്നെയാണെങ്കിലും ഗോൾ ശരാശരിയിൽ ബഹ്റൈൻ സെമിയിലെത്തി. ഗ്രൂപ്പ് എയിൽ ഇറാഖും ഖത്തറും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.