ഗൾഫ് കപ്പ് ഫുട്ബാൾ:ഷൂട്ടൗട്ടിൽ ഇറാഖിനെ കീഴടക്കി യു.എ.ഇ ഫൈനലിൽ
text_fieldsകുവൈത്ത് സിറ്റി: 23ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ രണ്ടാം സെമിഫൈനലിൽ ഇറാഖിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തകർത്ത് യു.എ.ഇ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയവും അധിക സമയവും ഗോൾരഹിത സമനിലയിൽ കലാശിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളിനാണ് എമിറേറ്റ്സിെൻറ വിജയം. കളിയിലും ഷൂട്ടൗട്ടിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ ഖാലിദ് ഇൗസയാണ് യു.എ.ഇക്ക് വിജയം സമ്മാനിച്ചത്. ഇറാഖി താരം അലാ അബ്ദുൽ സഹ്റയുടെ ഷോട്ട് തകർപ്പൻ സേവിലൂടെ തടുത്ത് ഖാലിദ് ഇൗസ യു.എ.ഇക്ക് മുൻതൂക്കം നൽകി. മൂന്നാം കിക്കെടുത്ത ഹുമാം താരിഖ് ബാറിന് മുകളിലൂടെ പായിച്ചപ്പോൾ യു.എ.ഇ താരങ്ങൾ ആദ്യ നാലു കിക്കുകളും വലക്കുള്ളിലാക്കിയതിനാൽ അഞ്ചാം കിക്ക് എടുക്കേണ്ടിവന്നില്ല. അലി മബ്കൂത്ത്, ഉമർ അബ്ദുറഹ്മാൻ, കമീസ് ഇസ്മായിൽ, മുഹമ്മദ് അൽ മെൻഹാലി എന്നിവരാണ് യു.എ.ഇക്കായി ഗോൾ നേടിയത്. സെമിയിൽ ആദ്യ പകുതിയിൽ നന്നായി പന്തുതട്ടിയ എമിറേറ്റ്സ് ഒന്നിലേറെ തവണ ഗോളിനടുത്തെത്തിയെങ്കിലും ഇറാഖ് പ്രതിരോധത്തിൽ വിഫലമായി. ഇറാഖിെൻറ അലി ഹുസ്നിയുടെ ക്ലോസ് റേഞ്ചർ ഗോൾ കീപ്പർ ഖാലിദ് ഇൗസ തടുത്തു. രണ്ടാം പകുതിയിൽ ഇറാഖ് കുറേക്കൂടി ഒത്തിണക്കം കാണിച്ചെങ്കിലും ഗോൾ അകന്നുനിന്നു. മഹ്ദി കാമിലിെൻറ ഷോട്ടും അലി ഹുസ്നിയുടെ മറ്റൊരു ഗോൾ ശ്രമവും ഖാലിദ് ഇൗസയുടെ സാമർഥ്യത്തിന് മുന്നിൽ വിഫലമായി.
എക്സ്ട്രാ ടൈമിൽ രണ്ടു ടീമുകളും സ്വന്തം ഗോൾവല സുരക്ഷിതമാക്കാൻ സൂക്ഷിച്ച് കളിച്ചപ്പോൾ നല്ല മുന്നേറ്റങ്ങളും ഒാപൺ ചാൻസുകളും കുറവായിരുന്നു. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് ഏതാണ്ട് ഉറപ്പിച്ച പോലെയായിരുന്നു കളിക്കാരുടെ ശരീരഭാഷ. പ്രതീക്ഷിച്ച പോലെ തന്നെ ഷൂട്ടൗട്ട് വിധി നിർണയിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കുന്ന ഫൈനലിൽ യു.എ.ഇ -ഒമാനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
