കോവിഡ് 422 പുതിയ കേസുകൾ; 626 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 422 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,41,217 പേർക്കാണ് വൈറസ് ബാധിച്ചത്. 626 പേർ ഉൾപ്പെടെ 1,34,033 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 871 ആയി. ബാക്കി 6313 പേരാണ് ചികിത്സയിലുള്ളത്. 78 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6117 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,68,193 പേർക്കാണ് കുവൈത്തിൽ ഇതുവരെ പരിശോധന നടത്തിയത്.
പ്രതിദിന മരണം ഒന്നായി കുറഞ്ഞതാണ് ബുധനാഴ്ചത്തെ ആശ്വാസവാർത്ത. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. തലേ ദിവസത്തെ അപേക്ഷിച്ച് മൂന്നു പേർ കൂടിയെങ്കിലും മൊത്തത്തിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. 140നു മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 78ൽ എത്തിയത്. ഇൗനില തുടരുകയാണെങ്കിൽ കുവൈത്തിൽ കോവിഡ് ചികിത്സയിലുള്ളവർ കാര്യമായി കുറയും.
അതോടെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കാനും വിദേശത്തുനിന്നുള്ള വിമാന സർവിസ് സാധാരണ നിലയിലാവാനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. കേസുകൾ കൂടിവരുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ അധികൃതർ ആലോചിക്കുന്നതിനിടെയാണ് ഇൗ മാസം സ്ഥിതി മെച്ചമാവുന്നത്.

