പുതിയ നികുതി: ഗൾഫിൽനിന്നുള്ള കാർഗോ നീക്കം പ്രതിസന്ധിയിൽ
text_fieldsകുവൈത്ത് സിറ്റി: 20,000 രൂപ വരെയുള്ള സാധനങ്ങൾ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാൻ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷൻ എടുത്തുകളഞ്ഞതിനെ തുടർന്ന് ഗൾഫിൽനിന്നുള്ള കാർഗോ പ്രതിസന്ധിയിൽ. ജി.എസ്.ടി വന്നതിനോടനുബന്ധിച്ച് ജൂലൈ ഒന്നു മുതലാണ് പുതിയ മാറ്റം. ഡ്യൂട്ടി വന്നതോടെ ജി.എസ്.ടിയും നൽകേണ്ടിവരുന്നു.
10 ശതമാനം ഡ്യൂട്ടിയും 28 ശതമാനം ജി.എസ്.ടിയും മൂന്നു ശതമാനം സെസും ചേർന്നപ്പോൾ 41 ശതമാനം എന്ന താങ്ങാനാവാത്ത തുക അധികം നൽകണം. ഇത് കാർഗോ ബിസിനസിെൻറ നടുവൊടിക്കുന്നതാണെന്ന് കുവൈത്ത് ഇന്ത്യ കാർഗോ അസോസിയേഷൻ വൈസ് പ്രസിഡൻറ് കൂടിയായ റജബ് കാർഗോ കുവൈത്ത് മാനേജിങ് ഡയറക്ടർ ഗഫൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മിക്ക വിമാനക്കമ്പനികളും 30 കിലോ വരെയാണ് ലഗേജ് അനുവദിക്കുന്നത്. ചില കമ്പനികളിൽ ഇത് 20 കിലോ മാത്രമാണ്. ഇത്തരം അവസ്ഥയിൽ ഒന്നും രണ്ടും കൊല്ലത്തിന് ശേഷം നാട്ടിൽപോവുന്ന പ്രവാസികൾ കാർഗോ വഴിയാണ് അത്യാവശ്യ സാധനങ്ങൾ നാട്ടിലേക്ക് അയച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികളും പ്രയാസത്തിലാണ്.
41 ശതമാനം ഡ്യൂട്ടി നൽകി സാധനങ്ങൾ അയക്കാൻ ഇവർക്ക് ബുദ്ധിമുട്ടുണ്ട്. ഇത് കാർഗോ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വിദേശത്തും ഇന്ത്യയിലുമായി കാർഗോ മേഖലയിൽ ജോലിചെയ്യുന്ന രണ്ടുലക്ഷത്തോളം തൊഴിലാളികളുമാണ് പ്രതിസന്ധിയിലാവുന്നത്. കാർഗോ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന നീക്കം ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ദിവസവും 300 ടൺ സാധനങ്ങളാണ് ഇന്ത്യയിലേക്ക് അയച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
