മെഗാ അവയവ ദാന കാമ്പയിനുമായി ഗ്രീൻ ക്രോസ് കുവൈത്ത്
text_fieldsഗ്രീൻ ക്രോസ് കുവൈത്ത് അംഗങ്ങളും പരിശീലനം പൂർത്തിയാക്കിയവരും
കുവൈത്ത് സിറ്റി: ട്രാൻസ് പ്ലാന്റ് സൊസൈറ്റിയുമായി സഹകരിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന മെഗാ ഓർഗൻ ഡൊണേഷൻ കാമ്പയിനുമായി ഗ്രീൻ ക്രോസ് കുവൈത്ത്. അവയവ ദാന രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്ന് കാമ്പയിനുവേണ്ടി കുവൈത്തിലെത്തിയ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു.
അവയവദാനത്തിൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ള കുവൈത്തിനെ ഒന്നാംസ്ഥാനത്തെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് കുവൈത്ത് ട്രാൻസ് പ്ലാന്റ് സൊസൈറ്റി ചെയർമാൻ ഡോ. മുസ്തഫ മൂസവി പറഞ്ഞു. മരണശേഷം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറാവുന്നതിലൂടെ എട്ടുപേർക്ക് വരെ പുതുജീവൻ നൽകുന്നതിന് സഹായിക്കുന്ന ഈ മഹത്തായ കാരുണ്യ പദ്ധതി മുഴുവൻ ആളുകളും ഏറ്റെടുക്കണമെന്നും അവയവ ദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരണമെന്നും ഗ്രീൻ ക്രോസ് കുവൈത്ത് മുഴുവൻ പ്രവാസികളോടും അഭ്യർഥിച്ചു.
മലയാളി സമൂഹത്തിൽനിന്നും തുടങ്ങി അടുത്ത ഘട്ടത്തിൽ മുഴുവൻ ഇന്ത്യക്കാർക്കിടയിലും അവയവദാന ബോധവത്കരണം, ഇതിനായി കീ റിസോഴ്സ് പേഴ്സൻസ് പൂൾ ഉണ്ടാക്കുന്നതിനായി വളന്റിയർ ട്രെയിനിങ്, മുഴുവൻ സംഘടന ഭാരവാഹികളുടെയും യോഗം, ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം, വിവിധ കമ്പനികളിലും ക്യാമ്പുകളിലും പരിപാടികൾ, ആശുപത്രികൾ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ ബോധവത്കരണം, ബോധവത്കരണ ബ്രോഷറുകളുടെ വിതരണം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തത്. കാമ്പയിൻ സമാപനമായി ഡോണർമാരെ ആദരിക്കുന്ന വിപുലമായ സമ്മേളനം സംഘടിപ്പിക്കും.
കാമ്പയിനിന്റെ വിജയത്തിനായി കോർ കമ്മിറ്റിയെയും കോഓഡിനേഷൻ കമ്മിറ്റിയെയും തീരുമാനിച്ചിട്ടുണ്ട്. ഫാ. ഡേവിസ് ചിറമേൽ അധ്യക്ഷനായ കോർ കമ്മിറ്റിയുടെ ചീഫ് കോഓഡിനേറ്റർ ഹബീബുല്ല മുറ്റിച്ചൂർ. രാജൻ തോട്ടത്തിൽ, എൻ.എസ്. ജയൻ, ജെ. സജി, ബാബുജി ബത്തേരി, കെ.പി. സുരേഷ്, ടോം ജോർജ്, ഖലിൽ റഹ്മാൻ, വിജേഷ്, എൽദോ, ആഷിഷ് എന്നിവരാണ് കോർ കമ്മിറ്റി അംഗങ്ങൾ. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

