സർക്കാർ മേഖലയിൽ വിദേശി നിയമനം നിർത്താൻ മന്ത്രിസഭാ തീരുമാനം ആരോഗ്യമേഖലയെ ഉത്തരവിൽനിന്ന് ഒഴിവാക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലകളിൽ വിദേശികൾക്ക് നിയമനം നൽകുന്നത് നിർത്തിവെക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്. പൊതുമേഖലയിലെ എല്ലാ വകുപ്പുകളിലും ഉത്തരവ് ബാധകമാണെങ്കിലും ഡോക്ടർമാരെ ഒഴിവാക്കിയിട്ടുണ്ട്. തന്ത്രപ്രധാന തസ്തികയെന്ന പരിഗണനയിൽ ആരോഗ്യമന്ത്രാലയത്തിൽ വിദേശ ഡോക്ടർമാരെ നിയമിക്കുന്നത് നിബന്ധനയോടെ തുടരും. ഇതുവരെ സ്വദേശികൾ ജോലിചെയ്യാൻ മടിക്കുന്ന ചില തസ്തികകളിൽ വിദേശികളെ നിയമിച്ചുവന്നിരുന്നു. ഇതും നിർത്തിവെക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.
സർക്കാർ മേഖലയിൽ വിദേശികൾ ജോലിചെയ്തിരുന്ന എല്ലാ തസ്തികകളിലും ജോലി ചെയ്യാൻ സ്വദേശികളെ യോഗ്യരാക്കാനാണ് പദ്ധതി. ഇതിെൻറ ഭാഗമായി 1680 സ്വദേശി യുവതി–യുവാക്കൾക്ക് സർക്കാർ മേഖലയിൽ പുതുതായി നിയമനം നൽകാൻ സിവിൽ സർവിസ് കമീഷന് നിർദേശം നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ഡിപ്ലോമ കരസ്ഥമാക്കിയ സ്വദേശികൾക്കാണ് വിവിധ ഡിപ്പാർട്ട്മെൻറ് തസ്തികകളിൽ നിയമനം നൽകുക. അതേസമയം, സർക്കാർ സ്കൂളുകളിൽ വിദേശികളെ നിയമിക്കുന്നത് തുടരുന്നുണ്ടെങ്കിലും ചുരുക്കം തസ്തികകളിൽ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി.
മന്ത്രിസഭയുടെ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യക്കാരടക്കം വിദേശികൾക്ക് സർക്കാർ ജോലികളിൽ പുതുതായി നിയമനം നേടാൻ സാധിക്കില്ല. സ്വദേശികൾ ജോലി ചെയ്യാൻ തയാറാകുന്ന സർക്കാർ തസ്തികകളിലുള്ള വിദേശികൾക്ക് ഏത് സമയവും ജോലി നഷ്ടപ്പെടുമെന്ന സാഹചര്യവും ഇതോടൊപ്പമുണ്ട്.
അതേസമയം, തീരുമാനം നഴ്സിങ് മേഖലക്ക് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നഴ്സുമാരെ വിദേശത്തുനിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
