സർക്കാർ രൂപവത്കരണം: കുവൈത്തിൽ ചർച്ചകൾ തുടരുന്നു
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: പുതിയ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, മുൻ പ്രധാനമന്ത്രിമാരായ ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സബാ ഖാലിദ് അൽ ഹമദ് അസ്സബാഹ്, നിലവിലെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. മുൻ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹുമായി ഫോൺ സംഭാഷണത്തിലും സമാന വിഷയങ്ങൾ ചർച്ചചെയ്തു.
പുതിയ സർക്കാർ രൂപവത്കരണത്തിന് മുന്നോടിയായി നടക്കുന്ന പരമ്പരാഗത ചർച്ചയാണിത്. ചർച്ചയിൽ കിരീടാവകാശി മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു.
ചൊവ്വാഴ്ച കിരീടാവകാശി സ്പീക്കർ, മുൻ സ്പീക്കർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. സ്പീക്കർ അഹ്മദ് അൽ സദൂനുമായി വിശദമായി സംസാരിച്ച കിരീടാവകാശി അഭിപ്രായങ്ങൾ ആരാഞ്ഞു. മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിമുമായും ചർച്ച നടത്തി.
ഇതിൽനിന്ന് ഉരുത്തിരിയുന്ന കാര്യങ്ങൾ വിലയിരുത്തിയാകും പുതിയ മന്ത്രിസഭ അംഗങ്ങളെ നിയമിക്കുക.ജനുവരി 25നാണ് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത്. രാജി സ്വീകരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം നിലവിലെ സർക്കാർ താൽക്കാലിക ചുമതലയിൽ തുടരുകയാണ്. എം.പിമാരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിവെക്കാനുള്ള കാരണം. അതേസമയം, മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചതിന് പിറകെ അംഗങ്ങൾ ദേശീയ അസംബ്ലിയിലെത്താത്തത് സഭാനടപടികളെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനകം മൂന്നു തവണയാണ് അസംബ്ലി സമ്മേളനം മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

