സർക്കാർ രൂപവത്ക്കരണം: ചർച്ചകൾ തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: എം.പിമാരുടെ വിയോജിപ്പിനെ തുടർന്ന് അവതാളത്തിലായ പുതിയ മന്ത്രിസഭയെ പുനക്രമീകരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നു. നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് 10 പ്രതിപക്ഷ എം.പിമാരുമായി കൂടികാഴ്ച നടത്തി.
ഭരണഘടനയെ അംഗീകരിക്കുന്ന മന്ത്രിമാരെ തെരഞ്ഞെടുക്കാനും ദേശീയ അസംബ്ലി ആദ്യ സമ്മേളനം വൈകിപ്പിക്കരുതെന്നും എം.പിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അസംബ്ലി സമ്മേളനം 18ലേക്ക് മാറ്റിയതു ഭരണഘടനാ ലംഘനമായതിനാൽ, അതിനോടുള്ള എതിർപ്പും എം.പിമാർ അറിയിച്ചു. എല്ലാ രാഷ്ട്രീയ തടവുകാർക്കും മാപ്പുനൽകാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇവരിൽ ചിലർ ജയിലിൽ പോകാതിരിക്കാൻ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി എം.പിമാർ സൂചിപ്പിച്ചു. മാപ്പ് ലഭിക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി എം.പി അദേൽ അൽ ദാംഖി പറഞ്ഞു.
അമീർ ആണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. ദേശീയ അസംബ്ലിയും സർക്കാരും തമ്മിലുള്ള സഹകരണവും മറ്റ് വിഷയങ്ങളും കൂടികാഴ്ചയിൽ ചർച്ചയായി. കൂടിക്കാഴ്ച ക്രിയാത്മകവും ശുഭാപ്തിവിശ്വാസം നിറക്കുന്നതുമായിരുന്നെന്ന് എം.പി മുഹമ്മദ് ഹയേഫ് പറഞ്ഞു.
സർക്കാർ പ്രഖ്യാപനത്തിനും എം.പിമാരുടെ എതിർപ്പിനും ശേഷം അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ പ്രതിപക്ഷ എം.പിമാരുമായുള്ള ആദ്യ കൂടികാഴ്ചയായിരുന്നു ഇത്.
ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച മന്ത്രിസഭയിൽ ഭരണഘടനയെ ബഹുമാനിക്കാത്ത ചിലർ ഉണ്ടെന്നും ഇവരെ മാറ്റണമെന്നുമായിരുന്നു എം.പിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്, മന്ത്രിസഭയിൽ ഉൾപ്പെട്ട അമ്മാർ അൽ അജ്മി സഥാനമേൽക്കില്ലെന്നും വ്യക്തമാക്കി. ഇതോടെ 11 ന് ചേരാൻ നിശ്ചയിച്ച ദേശീയ അസംബ്ലി സമ്മേളനം 18ലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ തിയതി നീട്ടിയത് മറ്റൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇത് ഭരണഘടനാ ലംഘനമാണെന്ന് വാദം ഉയർത്തി എം.പിമാരും ഭരണഘടനാ വിദഗ്ധരും അഭിഭാഷകരും രംഗത്തുണ്ട്. കുവൈത്ത് ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകം ദേശീയ അസംബ്ലി ചേരണം. സെപ്റ്റംബർ 29നാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.
30ന് പുലർച്ചയോടെ ഫലം പുറത്തു വന്നു. ഇത് കണക്കിലെടുക്കുമ്പോൾ ഒക്ടോബർ 18 ദീർഘിച്ച സമയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

