പൂവിളിയുമായി പൊന്നോണം; ആഘോഷിക്കാൻ കഴിയാതെ പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: മലയാളികളുടെ മനസ്സിൽ പൂവിളികളുയർത്തി ഇന്ന് തിരുവോണം. കോവിഡ് പ്രതിസന്ധിയിൽ പൊലിമയില്ലാതെയാണ് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പ്രവാസ ലോകത്തെ ഒാണാഘോഷം. മുൻകാലങ്ങളിൽ മൂന്നുമാസം നീളുന്നതായിരുന്നു കുവൈത്തിലെ ഒാണാഘോഷം.
ഗൃഹാതുരതയോടെയാണ് ആ നാളുകൾ പ്രവാസികൾ ഒാർക്കുന്നത്. നാട്ടിലെ ആഘോഷങ്ങളെ വെല്ലുന്നതായിരുന്നു ഗൾഫിലെ ഒാണാഘോഷം. സാധാരണ ആഗസ്റ്റ് തുടക്കം മുതൽ ആരംഭിക്കുന്ന പരിപാടികൾ ഒക്ടോബർ അവസാനം കഴിഞ്ഞും തുടരാറുണ്ട്. ചെറുതും വലുതുമായി മുന്നൂറോളം കൂട്ടായ്മകൾ ഓണാേഘാഷം സംഘടിപ്പിക്കാറുണ്ട്. മാവേലിയും താലപ്പൊലിയും വർണപ്പൊലിമയേറിയ സാംസ്കാരിക ഘോഷയാത്രയും ഉണ്ടാകാറുണ്ട്. കൊട്ടിപ്പാടാൻ മികച്ച ടീമുകൾ ഇവിടെത്തന്നെയുണ്ട്.
നാട്ടിലെ പ്രഫഷനൽ ടീമിനോട് കിടപിടിക്കാവുന്ന ശിങ്കാരിമേളവും ഗാനമേള ട്രൂപ്പുകളും റെഡിയാണ്. വിവിധ കമ്പനികളിലും സർക്കാർ വകുപ്പുകളിലും ജോലി ചെയ്യുന്ന കലാകാരന്മാർ പരിശീലന മികവോടെയാണ് അരങ്ങിലെത്താറ്. പ്രധാന സംഘടനകൾ നാട്ടിൽനിന്ന് വിശിഷ്ടാതിഥികളെ കൊണ്ടുവരും.
രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും കവികളും അതിഥികളായെത്തും. ചലച്ചിത്ര പിന്നണി ഗായകരെ അണിനിരത്തി ഗാനമേളയും മുൻവർഷ ഒാണവിശേഷങ്ങളായിരുന്നു. എന്നാൽ, ഇത്തവണ അതൊന്നുമില്ല. കോവിഡാണ് എല്ലാം അട്ടിമറിച്ചത്.
പൊതുപരിപാടികൾക്ക് അനുമതി നൽകിയിട്ടില്ല. ജോലിയും വരുമാനവും ഇല്ലാതെ ആളുകൾ പ്രയാസപ്പെടുന്നതിനാലും നല്ലൊരു വിഭാഗം പ്രവാസികൾ നാട്ടിലായതിനാലും സ്പോൺസർമാരായ വ്യാപാര സ്ഥാപനങ്ങൾക്ക് ക്ഷീണമുള്ളതിനാലും അനുമതി ലഭിച്ചാലും ഇത്തവണ ആഘോഷ മൂഡിലല്ല പ്രവാസ ലോകം. ഒാണക്കാലത്തെ കലാപരിപാടികൾക്കെത്തുന്ന നാട്ടിലെ കലാകാരന്മാർക്കും കോവിഡ് കനത്ത പ്രഹരമാണ് ഏൽപിച്ചത്. ഗൾഫിലെ ആഘോഷ പരിപാടികൾ നാട്ടിലെ കലാകാരന്മാർക്ക് നല്ല അവസരമായിരുന്നു.
ചലച്ചിത്ര, സീരിയൽ താരങ്ങളും സംവിധായകരും മാപ്പിളപ്പാട്ട് ഗായകരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ഒാണക്കാലത്ത് പ്രവാസലോകത്ത് വന്നുപോവാറുണ്ട്. ചില കൂട്ടായ്മകൾ ഒാൺലൈനായി ഒാണസംഗമം സംഘടിപ്പിക്കുന്നുണ്ട്. സദ്യയില്ലാതെ എന്ത് ഒാണാഘോഷം എന്നതിനാൽ ഒാൺലൈൻ ഒാണാഘോഷത്തിന് പൊലിമ കുറവാണ്.
അതേസമയം, നിരവധി ബാച്ചിലർ മുറികളിലും കുടുംബങ്ങളുടെ ഫ്ലാറ്റുകളിലും ചെറിയ തോതിൽ ഒത്തുകൂടലും ഒാണസദ്യയുമുണ്ടാവും. പ്രമുഖ ഷോപ്പിങ് കോംപ്ലക്സുകളിലും ഹൈപ്പർ മാർക്കറ്റുകളിലും തോരണങ്ങൾ അലങ്കരിക്കുകയും മാവേലിയെ അണിയിച്ച് നിർത്തുകയും ചെയ്തിട്ടുണ്ട്. ഒാണസദ്യയും പായസങ്ങൾ അടക്കം വിഭവങ്ങളും ഒാണക്കോടിയും ആകർഷക നിരക്കിളവോടെയാണ് വ്യാപാര സ്ഥാപനങ്ങൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

