കുവൈത്തിൽ ഗുലാം അലി പാടുന്നു
text_fieldsകുവൈത്ത് സിറ്റി: വിശ്വവിഖ്യാത ഗസല്‍ ഗായകന് ഉസ്താദ് ഗുലാം അലി കുവൈത്തിൽ പാടുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മഹ്ബൂലയിലെ ഇന്നോവ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇന്ത്യൻ കൾചറൽ സൊസൈറ്റിയാണ് (ഐ.സി.എസ്) സംഘാടകർ. ഗുലാം അലിക്കൊപ്പം അദ്ദേഹത്തിന്റെ മകൻ ആമിർ അലി ഖാൻ, ചെറുമകൻ നാസിർ അലി ഖാൻ, യുവ ഗസൽ കലാകാരനായ രഞ്ജിത് രാജ്വാഡ എന്നിവരും വേദിയിലെത്തും.ഉസ്താദ് ബഡേ ഗുലാം അലിഖാന്റെ ശിഷ്യനായ ഉസ്താദ് ഗുലാം അലി എക്കാലത്തെയും മികച്ച ഗസൽ ഗായകരിൽ ഒരാളായി ആദരിക്കപ്പെടുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും ഉർദു കവിതയുടെ ഗാനാത്മക സമ്പന്നതയും സംയോജിപ്പിക്കാനുള്ള ഗുലാം അലിയുടെ കഴിവ് ഗസൽ രംഗത്ത് ഇദ്ദേഹത്തെ അജയ്യനാക്കി.
ഉസ്താദ് ഗുലാം അലിയുടെ ആകർഷകമായ ശബ്ദം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് മിഡിലീസ്റ്റ്, യു.കെ, യു.എസ്.എ, കാനഡ, ആസ്ട്രേലിയ തുടങ്ങി ലോകമെമ്പാടുമുള്ളവരെ ആകർഷിച്ചിട്ടുണ്ട്.
ചുപ്കെ...ചുപ്കെ രാത് ദിൻ, ഹം തെരേ ഷെഹർ മേ ആയേ ഹെ, ഹം തെരി ഷെഹർ മേ ആയി ഹെ, ഹാം കോ കിസ്കേ ഘാം നെ മാരാ എന്നീ ഗുലാം അലിയുടെ ഗാനങ്ങൾ ആലാപന സൗകുമാര്യവും അർഥ തലങ്ങളും കൊണ്ട് ജനകോടികളെ ആകർഷിച്ചവയാണ്. പ്രശസ്ത ഗസൽ ഗായകൻ ജഗജീത് സിങ്ങിന് ഹൃദയാഞ്ജലി അർപ്പിച്ചാണ് ഇന്ത്യൻ കൾചറൽ സൊസൈറ്റി വെള്ളിയാഴ്ച പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

