പൊതുതെരഞ്ഞെടുപ്പ്; വോട്ടർമാരെ സ്വാധീനിച്ചാൽ കർശന നടപടി
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍. സ്ഥാനാര്‍ത്ഥിക്കായി വോട്ട് വാങ്ങിയ കേസില്‍ പത്ത് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. പിടിയിലായ പ്രതികളില്‍ നിന്നും പണവും, ഇ-പേയ്‌മെന്റ് രസീതുകളും,വോട്ട് വിൽക്കാൻ തയാറായ വോട്ടർമാരുടെ വിവരങ്ങളും, തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വോട്ട് വാങ്ങലിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈനിൽ (97272672) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വോട്ടിന് പകരം പണവും ഉപഹാരങ്ങളും നൽകുന്നത് അഞ്ച് വർഷം വരെ തടവും 5000 ദിനാർ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ജൂൺ ആറിനാണ് രാജ്യത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്. പത്രിക സമർപ്പിച്ചവർക്ക് ഈ മാസം 30വരെ പിൻവലിക്കാനുള്ള അവസരമുണ്ട്.