പൊതുതെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചുതുടങ്ങി
text_fieldsതെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനം
കുവൈത്ത് സിറ്റി: പതിനേഴാം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചുതുടങ്ങി. മേയ് 14വരെ പത്രിക സമർപ്പിക്കാം. ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്തു രാവിലെ 7.30 മുതൽ ഉച്ച 1.30വരെയാണ് നോമിനേഷന് സ്വീകരിക്കുക. വാരാന്ത്യ അവധി ദിനങ്ങളിലും സ്ഥാനാർഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. ജൂൺ ആറിനാണ് വോട്ടെടുപ്പ്. കുവൈത്ത് തെരഞ്ഞെടുപ്പ് നിയമപ്രകാരം വോട്ടെടുപ്പിന്റെ ഏഴുനാൾ മുമ്പുവരെ പത്രിക പിൻവലിക്കാൻ സ്ഥാനാർഥികൾക്ക് അവകാശമുണ്ട്. അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ 118 സ്കൂളുകളിലായാണ് വോട്ടെടുപ്പ് നടക്കുക. സഥാനാർഥികൾ പെർമിറ്റ് ഫീസായി 200 ദിനാറും ഇൻഷുറൻസ് തുകയായി 500 ദിനാറും മുനിസിപ്പാലിറ്റിയില്‍ അടക്കണം.
സ്ഥാനാർഥികൾ മത്സരിക്കാൻ ആഗ്രഹിക്കുന്ന നിയോജക മണ്ഡലത്തിന്റെ ആസ്ഥാനത്തുള്ള പൊലീസ് സ്റ്റേഷനിലും അപേക്ഷ സമർപ്പിക്കണം. ഇല്ലെങ്കിൽ സ്ഥാനാർഥിത്വം അസാധുവായി കണക്കാക്കും. ഇതിനായി ദയ സ്റ്റേഷൻ, അൽ ഷാമിയ സ്റ്റേഷൻ, കൈഫാൻ സ്റ്റേഷൻ, ഉമരിയ സ്റ്റേഷൻ, അൽ അദാൻ സ്റ്റേഷൻ എന്നീ അഞ്ച് പൊലീസ് സ്റ്റേഷനുകൾ നിശ്ചയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗംചേർന്ന് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തി.അതിനിടെ, ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെന്റ് ഒന്നാം മണ്ഡലത്തിലും രണ്ടാം മണ്ഡലത്തിലും മൂന്നാം മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ സഥാനാർഥികൾ രംഗത്തെത്തും. 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയും 2020ലെ ദേശീയ അസംബ്ലി പുനഃസഥാപിച്ചും ഭരണഘടന കോടതി വിധിയും 2020 അസംബ്ലി അമീർ പിരിച്ചുവിടുകയും ചെയ്തതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. നാലുവർഷമാണ് ദേശീയ അസംബ്ലി കാലാവധിയെങ്കിലും മൂന്നുവർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷിയാകുന്നത്.
ആദ്യദിനം 30 പത്രികകൾ
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഒരു സ്ത്രീ ഉൾപ്പെടെ വെള്ളിയാഴ്ച 30 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ആദ്യ മണ്ഡലത്തിൽ മൂന്നു സ്ഥാനാർഥികൾ, രണ്ടാമത്തേതിൽ എട്ട്, മൂന്നാം മണ്ഡലത്തിൽനിന്ന് അഞ്ചു സ്ഥാനാർഥികൾ, നാലാമത്തെ മണ്ഡലത്തിൽ ഏഴ് എന്നിങ്ങനെയും ഏഴ് അപേക്ഷകൾ അഞ്ചാം മണ്ഡലത്തിൽനിന്നും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

