റോഡിലെ അഭ്യാസം; കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാഫിക് പൊലീസുകാർക്ക് നിർദേശം.
ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം അലക്ഷ്യമായി വാഹനം ഓടിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. തിരക്കേറിയ നിരത്തുകളിൽ പോലും വാഹനം കറക്കി ഭീതി പരത്തുന്ന പ്രവണത വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
രാജ്യത്തിന്റെ പലഭാഗത്തും റോഡുകളിലെ വാഹനാഭ്യാസം പതിവ് കാഴ്ചയാണ്. അഹമ്മദി, കാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിലാണ് ഇത്തരം കേസുകൾ കൂടുതൽ.
വാഹനം കറക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറൽ ആകാറുമുണ്ട്. ഇത്തരം വിഡിയോ ക്ലിപ്പുകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
വിവാഹ ആഘോഷത്തോടനുബന്ധിച്ച് റോഡിൽ വാഹനവുമായി അഭ്യാസം കാണിച്ച കുവൈത്തി യുവാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അനധികൃത യു-ടേൺ: വാഹനം രണ്ടുമാസത്തേക്ക് കണ്ടുകെട്ടും
കുവൈത്ത് സിറ്റി: തെറ്റായ സ്ഥലത്തും നിയമവിരുദ്ധമായും യു -ടേൺ നടത്തിയാൽ വാഹനം രണ്ടുമാസത്തേക്ക് കണ്ടുകെട്ടുകയും മറ്റു നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
പിഴയും ലഭിക്കും. നിയമ വിരുദ്ധമായി യു-ടേൺ നടത്തിയ വാഹനങ്ങൾ നിരീക്ഷണ കാമറകളിൽ കുടുങ്ങിയ കേസുകളിൽ ഉടമകൾക്ക് സമൻസ് അയച്ചുതുടങ്ങിയിട്ടുണ്ട്.
ഡ്രൈവർമാരുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഗതാഗത വകുപ്പ് ഊന്നിപ്പറഞ്ഞു. പുതുക്കിയ ഗതാഗത നിയമം ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്നതോടെ നിയമ ലംഘനങ്ങൾക്ക് കനത്ത പിഴ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

