മനാമ ജി.സി.സി യോഗത്തിൽ കുവൈത്ത്; ഗൾഫ് മേഖലയിൽ സുരക്ഷ സഹകരണം ശക്തമാക്കണം
text_fieldsമനാമയിൽ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിൽ കുവൈത്ത് പ്രതിനിധികൾ
കുവൈത്ത് സിറ്റി: സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനായി, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിൽ കൂടുതൽ ശക്തമായ സുരക്ഷാ ഏകോപനവും സഹകരണവും വേണമെന്ന് കുവൈത്ത്. ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 43-ാമത് യോഗ മുന്നൊരുക്കത്തിന്റെ ഭാഗമായി മനാമയിൽ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിൽ കുവൈത്ത് പ്രതിനിധി മേജർ ജനറൽ അബ്ദുൽവഹാബ് അൽ വുഹൈബാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ ഏജൻസികളെ കൂടുതൽ കാര്യക്ഷമവും മികച്ച തയ്യാറെടുപ്പുള്ളതുമാക്കുന്നതിന് മാനുഷികവും സാങ്കേതികവുമായ കഴിവുകളുടെ വികസനം തുടരാനും വൈദഗ്ധ്യം കൈമാറാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള ഡിജിറ്റൽ പരിവർത്തന പദ്ധതികൾ വിപുലീകരിക്കാനും, സുരക്ഷാ ഏജൻസികൾക്കിടയിലുള്ള വിവര-ഡാറ്റാ കൈമാറ്റം വേഗത്തിലാക്കാനും, സേവനങ്ങളുടെയും നടപടിക്രമങ്ങളുടെയും ഇലക്ട്രോണിക് സംയോജനം ശക്തിപ്പെടുത്താനും ഉണർത്തി. സൗദി അറേബ്യക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സൗദിക്ക് കുവൈത്ത് നൽകുന്ന ഉറച്ച പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെയും മേഖലയുടെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

