ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ
text_fieldsകുവൈത്ത് സിറ്റി: ഏകീകൃത ജി.സി.സി വിസ ഈ വർഷം അവസാനത്തോടെ നടപ്പിലാക്കാനാകുമെന്ന് സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി. കുവൈത്തിൽ ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ അന്തിമരൂപം ഒരുക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിസ സംവിധാനം നടപ്പാകുന്നതോടെ ഗള്‍ഫ് പൗരന്മാർക്കും പ്രവാസികൾക്കും ഗതാഗതം കൂടുതൽ ലളിതമാകുമെന്നും ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രസൗകര്യം മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വിസകൊണ്ട് മറ്റു എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറു രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്. ഏകീകൃത ജി.സി.സി വിസ വരുന്നതോടെ ഈ തടസ്സം നീങ്ങും. ജി.സി.സി രാജ്യങ്ങളിലെ ബിസിനസ്, വിനോദസഞ്ചാര മേഖല എന്നിവയിൽ വലിയ കുതിപ്പുണ്ടാക്കും.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും വിസ വലിയ രൂപത്തിൽ ഉപയോഗപ്പെടും. യോഗത്തിൽ ഇറാഖ്-കുവൈത്ത് അതിർത്തി പ്രശ്നങ്ങളും ചര്‍ച്ചയായി. ഇറാഖ് അധിനിവേശകാലത്ത് കുവൈത്തിൽനിന്ന് കാണാതായവരുടെയും തടവിലായവരുടെയും സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ ആവശ്യപ്പെട്ടു.
സമുദ്ര അതിർത്തികളെക്കുറിച്ചുള്ള നിലവിലെ കരാറുകൾ ഇറാഖ് അംഗീകരിക്കണമെന്നും, ഖോർ അബ്ദുല്ല ജലപാതയിലെ നാവിഗേഷൻ കരാറുകൾ കർശനമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

