ജി.സി.സിക്ക് 45; കുവൈത്തിന് ആത്മസംതൃപ്തി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് രാഷ്ട്രങ്ങളുടെ കൂട്ടായമായ ഗൾഫ് കോപറേഷൻ കൗൺസിൽ (ജി.സി.സി) 45 വർഷം പൂർത്തിയാക്കുമ്പോൾ കുവൈത്തിന് ആത്മസംതൃപ്തി. 1981 മേയ് 25നാണ് ജി.സി.സി രൂപം കൊണ്ടത്. അന്നത്തെ കുവൈത്ത് അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, യു.എ.ഇ പ്രസിഡൻറ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ എന്നിവരാണ് പേർഷ്യൻ ഗൾഫിലെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സി രൂപവത്കരണത്തിന് മുൻകൈയെടുത്തത്.
45 വർഷം മുമ്പ് ഗൾഫ് മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അബൂദബിയിൽ ഒരുമിച്ചുകൂടുമ്പോൾ അത് ഇത്ര വളർച്ച നേടുന്ന ഒരു സംഘത്തിന്റെ പിറവിയായിരിക്കുമെന്ന് ആരും കരുതിയിരിക്കില്ല. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാഷ്ടങ്ങളുടെ സംഘബോധം പിന്നീടുള്ള നാലര ദശാബ്ദങ്ങളിൽ മേഖലക്ക് കരുത്തായി മാറി. ലോകരാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധേയ ശബ്ദമായി ജി.സി.സി വളർന്നു.
ഒറ്റ ജനത എന്ന നിലയിൽ ഗൾഫ് രാഷ്ട്രങ്ങളുടെ ഏകോപനത്തിൽ ജി.സി.സി നിർണായക പങ്കുവഹിച്ചു. വിവിധ മേഖലകളിലെ പരസ്പര സഹകരണം സാമ്പത്തിക അടിത്തറയും അംഗ രാജ്യങ്ങളുടെ ആഗോള സ്വാധീനവും വർധിപ്പിച്ചു. സംയുക്ത സൈന്യം, കസ്റ്റംസ് യൂനിയൻ എന്നിവ ശ്രദ്ധേയ നേട്ടങ്ങളായി. ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി നടപടികൾ പുരോഗമിക്കുകയാണ്. ഏകീകൃത ടൂറിസം വിസയും വൈകാതെ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജി.സി.സി 45-ാം വാർഷികം കുവൈത്ത് അഭിമാനത്തോടെ ആഘോഷിച്ചു. കൂട്ടായ്മ സ്ഥാപിക്കുന്നതിൽ അന്തരിച്ച അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പങ്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. ജി.സി.സി രാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും കുവൈത്ത് അഭിനന്ദനങ്ങൾ അറിയിച്ചു. പ്രാദേശിക അഭിവൃദ്ധിക്കും സ്ഥിരതക്കും സംയുക്ത ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

