ജി.സി.സി റെയിൽവേ; പദ്ധതി വേഗത്തിലാക്കാൻ ഊർജ്ജിത ശ്രമങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി റെയിൽവേ പദ്ധതി നടപ്പാക്കൽ വേഗത്തിലാക്കാൻ ഊർജ്ജിത ശ്രമങ്ങൾ തുടരാൻ ഉണർത്തി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഗതാഗത, വാർത്താവിനിമയ മന്ത്രിമാരുടെ യോഗം. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിമാരുടെ കമ്മിറ്റിയുടെ 29-ാമത് അസാധാരണ യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ പങ്കെടുത്തു. ജി.സി.സി രാജ്യങ്ങൾക്കിടയിലെ സാമ്പത്തികവും ലോജിസ്റ്റിക്കൽ കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിനും ട്രക്കുകളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ജി.സി.സി രാജ്യങ്ങളെ പ്രാദേശിക, അന്തർദേശീയ വിപണികളുമായി ബന്ധിപ്പിക്കുന്നതിന് പുതിയ വഴികൾ തുറക്കുന്നതിനും റെയിൽവേ പദ്ധതി പ്രധാന പങ്കുവഹിക്കുമെന്ന് കമ്മിറ്റി ചൂണ്ടികാട്ടി. അംഗരാജ്യങ്ങൾക്കിടയിലെ ചരക്കു ഗതാഗതത്തിന് കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കുന്ന റെയിൽവേ പദ്ധതിയുടെ പ്രാധാന്യവും കമ്മിറ്റി സൂചിപ്പിച്ചു. റെയിൽവേ പദ്ധതിയുടെ ലോജിസ്റ്റിക് സംയോജനം വിപുലീകരിക്കൽ, സമഗ്ര പഠനം നടത്താനുള്ള സ്വീകരിച്ച നടപടിക്രമങ്ങൾ, എക്സിക്യൂട്ടീവ് നടപടികൾ എന്നിവ യോഗം അവലോകനം ചെയ്തു.
ഗൾഫ് ലോജിസ്റ്റിക്കൽ ഇന്റഗ്രേഷൻ പദ്ധതിയെ പിന്തുണക്കുന്നതിനും റെയിൽവേ ശൃംഖലയിലൂടെ അംഗരാജ്യങ്ങളുടെ ബന്ധം ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ പഠനങ്ങൾ നടത്തിയതിനും സ്വീകരിച്ച നടപടികൾക്ക് കമ്മിറ്റി സെക്രട്ടേറിയറ്റിനെ പ്രശംസിച്ചു. ഏറ്റവും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി പഠനങ്ങൾ പൂർത്തിയാക്കേണ്ടതിന്റെയും, പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ഉറപ്പാക്കുന്നതിന് അംഗരാജ്യങ്ങളുടെ അനുഭവത്തിൽ നിന്നും വൈദഗ്ധ്യത്തിൽ നിന്നും പൂർണ്ണമായി പ്രയോജനം നേടേണ്ടതിന്റെയും പ്രാധാന്യം കമ്മിറ്റി ഊന്നിപ്പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും വേണ്ടി ഒരു വർക്ക്ഷോപ്പ് നടത്താൻ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. കുവൈത്തു മുതൽ ഒമാൻ വരെ സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി റെയിവേ 2030 ൽ പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ ഗതാഗതം, വ്യാപാരം, ടൂറിസം എന്നിവയിൽ വലിയ കുതിപ്പ് ഇതു സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

