ജി.സി.സി റെയിൽവേ; ആദ്യഘട്ട സർവേ, പദ്ധതി രൂപകൽപന ടെൻഡർ തുർക്കിയ കമ്പനിക്ക്
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി റെയിൽവേയുടെ കുവൈത്തിലെ ഭാഗം നിർമിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യഘട്ട ടെൻഡർ തുർക്കിയ കമ്പനിയായ പ്രോയാപി സ്വന്തമാക്കി. ആദ്യഘട്ട സർവേ, പദ്ധതി രൂപകൽപന എന്നിവയുമായി ബന്ധപ്പെട്ട ടെൻഡർ നടപടിയാണ് പബ്ലിക് ടെൻഡറുകൾക്കായുള്ള സർക്കാർ ഏജൻസി പൂർത്തിയാക്കിയത്. 12 മാസമാണ് അനുവദിച്ച കാലപരിധി. ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ്, ചൈനീസ് കമ്പനികളും ബിഡ്ഡുകൾ സമർപ്പിച്ചിരുന്നു. കുവൈത്തിലെയും ജി.സി.സി രാജ്യങ്ങളിലെയും ഗതാഗത മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ജി.സി.സി റെയിൽവേ പദ്ധതി.
കുവൈത്ത് മുതൽ സൗദി അറേബ്യയിലെ ദമ്മാം വരെയും പിന്നീട് ബഹ്റൈനിലേക്കും ഖത്തറിലേക്കും നീളുന്ന 2,217 കിലോമീറ്റർ നീളമുള്ള റെയിൽപ്പാത ഇതിന്റെ ഭാഗമാണ്. പാത സൗദിയിൽനിന്ന് അബൂദബി, അൽ ഐൻ, മസ്കത്ത് എന്നിവിടങ്ങളിലേക്കും നീളും. യാത്രക്കാരുടെ ഗതാഗതത്തിനും ചരക്കു ഗതാഗതത്തിനുമായി പദ്ധതിയിൽ രണ്ട് വ്യത്യസ്ത ലൈനുകൾ ഉണ്ടായിരിക്കുമെന്ന് സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
2030ഓടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തൽ. കുവൈത്തിനെയും സൗദിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിന്റെ നീളം 111 കിലോമീറ്ററാണ്. ദിവസേന ആറ് ട്രിപ്പുകളിലായി 3,300 യാത്രക്കാർക്ക് സഞ്ചരിക്കാനും ഏകദേശം 500 കിലോമീറ്റർ ഒരു മണിക്കൂറും 40 മിനിറ്റും ഓടിയെത്താനും കഴിയും വിധത്തിലാണ് രൂപകൽപ്പന. യാത്രക്കാർക്ക് താങ്ങാനാവുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ.
2009ൽ ബഹ്റൈനിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ ആറ് ജി.സി.സി അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളായാണ് ഈ മെഗാ പ്രോജക്റ്റ് ആദ്യമായി അവതരിപ്പിച്ചത്. അന്തർ-ജി.സി.സി വാണിജ്യം, യാത്ര, സംയുക്ത സംരംഭങ്ങളെ പിന്തുണക്കൽ എന്നിവ സുഗമമാക്കുക എന്നതാണ് ലക്ഷ്യം. റെയിൽ പദ്ധതി റോഡ് നവീകരണത്തിനുള്ള ചെലവ് കുറക്കുമെന്നും കാറുകളും ട്രക്കുകളും കുറയുന്നതോടെ ഇന്ധന മലിനീകരണം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, റെയിൽ ശൃംഖല കടന്നുപോകുന്ന ഭാഗങ്ങളിൽ പുതിയ നഗരപ്രദേശങ്ങളുടെ ഉത്ഭവം എന്നിവക്കും പദ്ധതി സഹായിക്കും. പദ്ധതിയിൽ കുവൈത്തിന്റെ ഭാഗങ്ങളുടെ ഏകോപനത്തിനായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷനെ (പി.എ.ആർ.ടി)ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടമായി രാജ്യത്തെ അതിർത്തി പ്രദേശമായ നുവൈസീബ് മുതൽ ഷെദാദിയ വരെ നീളുന്ന പാതയാണ് പൂര്ത്തീകരിക്കുക. മണിക്കൂറിൽ പരമാവധി വേഗം 200 കിലോമീറ്റർ നിശ്ചയിച്ചിരിക്കുന്നത്. യു.എ.ഇയിൽ സൗദി അതിർത്തികളിലേക്കുള്ള റെയിൽവേയുടെ നിർമാണം പൂർത്തിയായി.
അബുദബിയെ ഒമാനുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയുടെ രൂപകൽപനയും നിർമാണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽ, ഗൾഫ് റെയിൽവേയുടെ ആഭ്യന്തര വിഭാഗത്തിന്റെ രൂപരേഖകൾ അധികൃതർ പൂർത്തിയാക്കി. സൗദി അറേബ്യയിലെത്തുന്ന പാലത്തിൽ റെയിലിന്റെ ഒരു ഭാഗം നിർമിക്കുമെന്ന് ബഹ്റൈൻ പ്രഖ്യാപിച്ചു. മേഖലയിൽ വൻ വികസന കുതിപ്പിന് വഴിയൊരുക്കുന്ന സ്വപ്ന പദ്ധതിയാണ് ജി.സി.സി റെയിൽവേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

