ജി.സി.സി റെയിൽ പദ്ധതി: കുവൈത്തിലെ 111 കിലോമീറ്റർ ; തുർക്കിയ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു
text_fieldsമന്ത്രി ഡോ.നൂറ അൽ മഷാൻ, തുർക്കിയ കമ്പനി പ്രതിനിധി എന്നിവർ കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: ജി.സി.സി റെയിൽ പദ്ധതിയിൽ കുവൈത്ത് സുപ്രധാന ചുവടുവെപ്പിൽ. പദ്ധതിയുടെ ഭാഗമായ കുവൈത്തിലെ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തുർക്കിയ കമ്പനിയായ പ്രോയാപിയുമായി കുവൈത്ത് കരാറിലൊപ്പിട്ടു. കുവൈത്തിലെ റെയിൽ ശൃംഖലയുടെ ആദ്യ ഘട്ടത്തിനായുള്ള സമഗ്ര പഠനം, വിശദമായ രൂപകൽപന, ടെൻഡർ രേഖ തയാറാക്കൽ എന്നിവ ഉൾപ്പെടുന്നതാണ് കരാർ. പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ കുവൈത്തിലെ തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസിന്റെ സാന്നിധ്യത്തിലാണ് കരാറിലൊപ്പിട്ടത്.
കുവൈത്തിലെ ഷാദാദിയ മുതൽ നുവൈസീബ് വരെ നീളുന്ന 111 കിലോമീറ്റർ പാളം നിർമാണത്തിനാണ് പ്രോയാപി സഹായിക്കുക. ഏകദേശം രണ്ട് ദശലക്ഷം കുവൈത്ത് ദീനാറാണ് ഡിസൈൻ ചെലവ്. വിശദമായ പഠനം, രൂപകൽപന, മണ്ണ് പരിശോധന, പാതകൾ നിർണയിക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 12 മാസമാണ് അനുവദിച്ച കാലപരിധി. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സിന്റെയും ഓഡിറ്റ് ബ്യൂറോയുടെയും അംഗീകാരം ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാർ ഒപ്പിട്ടതെന്ന് മന്ത്രി അൽ മഷാൻ വ്യക്തമാക്കി. കുവൈത്ത് മുതൽ ഒമാൻ വരെയുള്ള ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2,177 കിലോമീറ്റർ അന്തർദേശീയ റെയിൽ ശൃംഖലയാണ് ജി.സി.സി റെയിൽ പദ്ധതി.
പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ യാത്ര, ചരക്ക് ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. 2030ഓടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തൽ.
കുവൈത്തിലെ ഷാദാദിയയിൽ നിന്നാരംഭിച്ച് സൗദിയിലേക്ക് നീളുന്ന റെയിൽ പാളത്തിന്റെ നീളം 111 കിലോമീറ്ററാണ്.
ദിനേന ആറ് ട്രിപ്പുകളിലായി 3,300 യാത്രക്കാർക്ക് സഞ്ചരിക്കാനും ഏകദേശം 500 കിലോമീറ്റർ ഒരു മണിക്കൂറും 40 മിനിറ്റും ഓടിയെത്താനും കഴിയും വിധത്തിലാണ് രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

