ജി.സി.സി റെയിൽ
text_fieldsപൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ സൗദി ഗതാഗത, ലോജിസ്റ്റിക്സ് സേവന മന്ത്രി സാലിഹ് അൽ ജാസറിനും മറ്റ് പ്രതിനിധികൾക്കുമൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടപടികൾ പുരോഗമിക്കുന്ന റെയിൽവേ പദ്ധതികളുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ സൗദി ഗതാഗത, ലോജിസ്റ്റിക്സ് സേവന മന്ത്രി സാലിഹ് അൽ ജാസറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ലിങ്കേജ് പദ്ധതിയുടെ പുരോഗതിയും ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
റെയിൽ കണക്ഷന്റെ നടപടികൾ അവലോകനം ചെയ്യുന്നതിനായി സൗദി മന്ത്രി, ഡോ.നൂറ അൽ മഷാനെ റിയാദിലേക്ക് ക്ഷണിക്കുകയായിരുന്നു. കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള സഹകരണവും സംയോജനവും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ മറ്റു വിഷയങ്ങളും ഇരുപക്ഷവും വിലയിരുത്തി.
റെയിൽവേ പദ്ധതികളിലെ അഗ്നിസുരക്ഷാ നടപടികൾ പഠിക്കുന്നതിനായി കുവൈത്ത് ഫയർഫോഴ്സ് പ്രതിനിധി സംഘവും കഴിഞ്ഞമാസം സൗദി അറേബ്യ സന്ദർശിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളും സൗദി റെയിൽവേ കമ്പനിയും സംഘം സന്ദർശിച്ചു. നൂതന അഗ്നിപ്രതിരോധ സാങ്കേതികവിദ്യകൾ, അടിയന്തര പ്രതികരണ നടപടിക്രമങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ മനസ്സിലാക്കുന്നതിനായിരുന്നു സന്ദർശനം.
കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നിവയെ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതാണ് ഗൾഫ് റെയിൽവേ പദ്ധതി. കുവൈത്തിൽ 2030 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണ്. ഷാദാദിയ മുതൽ നുവൈസീബ് വരെ നീളുന്ന 111 കിലോമീറ്ററാണ് കുവൈത്തിൽ ആദ്യഘട്ടത്തിലുള്ളത്. രാജ്യത്തെ കരഗതാഗത മേഖലയിലെ തന്ത്രപരമായ സംരംഭമാണ് പദ്ധതി. പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തലും ഗതാഗത കാര്യക്ഷമത വർധിപ്പിക്കലും ഇതുവഴി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

