മന്ത്രിതല സമ്മേളനം കുവൈത്തിൽ നടന്നു; സൗഹൃദവും ബന്ധവും പ്രതിഫലിപ്പിച്ച് ജി.സി.സി
text_fieldsജി.സി.സി മന്ത്രിതല കൗൺസിലിന്റെ 165-ാമത് സമ്മേളനത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല കൗൺസിലിന്റെ 165-ാമത് സമ്മേളനം കുവൈത്തിൽ നടന്നു. കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി മന്ത്രിതല കൗൺസിലിന്റെ നിലവിലെ സെഷൻ ചെയർമാനുമായ അബ്ദുല്ല അൽ യഹ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദേശകാര്യ മന്ത്രിമാരും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം തലവന്മാരും പങ്കെടുത്തു.
അംഗരാജ്യങ്ങൾക്കിടയിൽ ആഴത്തിലുള്ള ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന യോഗം, വിവിധ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് വർധിപ്പിക്കുമെന്ന് അബ്ദുല്ല അൽ യഹ്യ പറഞ്ഞു. ഗൾഫ് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുമൊപ്പം ശക്തമായ ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള കൗൺസിലിന്റെ പ്രതിബദ്ധതയും സൂചിപ്പിച്ചു.
കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ നടന്ന 45ാമത് ജി.സി.സി സുപ്രീം കൗൺസിൽ തീരുമാനങ്ങൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ യോഗം ചർച്ച ചെയ്തു. മന്ത്രിതല, സാങ്കേതിക സമിതികളും ജനറൽ സെക്രട്ടേറിയറ്റും സമർപ്പിച്ച മെമ്മോറാണ്ടങ്ങളും റിപ്പോർട്ടുകളും, ജി.സി.സി രാജ്യങ്ങളും അന്താരാഷ്ട്ര രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ, പ്രധാന പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു.
ജി.സി.സിയും ജപ്പാനും തമ്മിലുള്ള രണ്ടാമത്തെ സംയുക്ത മന്ത്രിതല യോഗവും കുവൈത്തിൽ നടന്നു.
സംയുക്ത കർമ പദ്ധതി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഏകോപനവും സംഭാഷണവും, സുരക്ഷയും സ്ഥിരതയും പിന്തുണക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യൽ തുടങ്ങി വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

