ജി.സി.സി കാൻസർ ബോധവത്കരണ വാരം ഏഴിന് സമാപിക്കും
text_fieldsജി.സി.സി അർബുദ അവബോധ വാരാചരണത്തിന്റെ കുവൈത്തിലെ ഉദ്ഘാടന പരിപാടി
കുവൈത്ത് സിറ്റി: പത്താമത് ജി.സി.സി അർബുദ അവബോധ വാരാചരണം ഫെബ്രുവരി ഏഴിന് സമാപിക്കും. വാരാചരണ ഭാഗമായി വിവിധ പരിപാടികൾ ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുകയാണ്. സിവിൽ സൊസൈറ്റികളെ ഉൾപ്പെടുത്തി 2002ലാണ് ഗൾഫ് യൂനിയൻ ഫോർ കാൻസർ കൺട്രോൾ സ്ഥാപിച്ചത്.
പത്തുവർഷമായി എല്ലാ വർഷവും ഫെബ്രുവരി ഒന്നുമുതൽ ഏഴുവരെ അർബുദ ബോധവത്കരണ വാരാചരണം സംഘടിപ്പിക്കുന്നു. ജി.സി.സി രാജ്യങ്ങൾ സ്വന്തംനിലക്കും സംയുക്തമായും വൈവിധ്യമാർന്ന പരിപാടികൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. അർബുദ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും മാർഗനിർദേശം നൽകുകയും മാനസികവും ധാർമികവുമായ പിന്തുണ നൽകുകയും അർബുദം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയുമാണ് വാരാചരണത്തിന്റെ പ്രധാനലക്ഷ്യം.
അർബുദ ചികിത്സയിൽ മുന്നേറ്റമുണ്ടാക്കാനുള്ള ഗവേഷണവും സഹകരണവും ശക്തമാക്കുന്നതും ലക്ഷ്യമാണ്. ഗൾഫ് യൂനിയൻ ഫോർ കാൻസർ കൺട്രോൾ രൂപവത്കരണവും കാൻസർ വാരാചരണവും മികച്ച പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ടെന്ന് കോഓഡിനേഷൻ കമ്മിറ്റി മേധാവി ഡോ. ഹെസ്സ അൽ ഷഹീൻ പറഞ്ഞു. 72 വിവിധ പ്രവർത്തനങ്ങളാണ് ഈ വർഷം കുവൈത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി, മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. നാദിയ അൽ ജുമുഅ, കാൻസർ ബോധവത്കരണ കാമ്പയിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സാലിഹ്, കാൻസർ രോഗികൾക്ക് മാനസിക പരിചരണം നൽകാനായി സ്ഥാപിച്ച അൽ സിദ്റ അസോസിയേഷൻ സ്ഥാപകയും ഡയറക്ടർ ബോർഡ് ചെയർപേഴ്സനുമായ ശൈഖ അസ്സ ജാബിർ അൽ അലി അസ്സബാഹ് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.