ഗസ്സക്കുടിനീർ; നമാ ചാരിറ്റി ജലവിതരണ പദ്ധതിക്ക് തുടക്കം
text_fieldsഗസ്സയിൽ നമാ ചാരിറ്റി നേതൃത്വത്തിൽ ജലം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്ന ഗസ്സയിൽ ജലവിതരണ പദ്ധതിയുമായി കുവൈത്തിലെ നമാ ചാരിറ്റി. ഗസ്സയിലെ വടക്കൻ ക്യാമ്പുകളിലെ 460 ലധികം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്നതാണ് പദ്ധതി. 230 ലധികം ട്രക്കുകളിൽ വെള്ളം വിതരണം ചെയ്തതായി ചാരിറ്റി അറിയിച്ചു. ജനങ്ങളുടെ വിട്ടുമാറാത്ത പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും നമാ ചാരിറ്റി ഡെപ്യൂട്ടി സി.ഇ.ഒ അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഒഫീസുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഉപരോധത്തിനും ആക്രമണത്തിലും വലഞ്ഞ ഗസ്സയിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്കും പ്രായമായവർക്കും രോഗ വ്യാപനം ലഘൂകരിക്കുന്നതിനും സഹായിക്കുന്നതാണ് കുടിവെള്ള വിതരണം. പദ്ധതിയെ പിന്തുണക്കുന്നതിലും ഗസ്സയിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം സാധ്യമാക്കുന്നതിലും കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പങ്കിനെ അൽ കന്ദരി പ്രശംസിച്ചു.
ഗസ്സയിൽ വെള്ളം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം നമാ ചാരിറ്റി പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ വിവിധ പദ്ധതികളുടെ വ്യാപ്തി നമാ ചാരിറ്റി വികസിപ്പിക്കുന്നത് തുടരുകയാണെന്ന് അൽ കന്ദരി സൂചിപ്പിച്ചു. കുവൈത്ത് മാനുഷിക പ്രവർത്തനങ്ങൾക്ക് അതിരുകളില്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

