ഗസ്സ ഷിപ്’ കാമ്പയിൻ ഇന്നു മുതൽ
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീന് കൂടുതൽ സഹായം എത്തിക്കുന്നതിനായി പ്രത്യേക ‘ഗസ്സ ഷിപ്’ കാമ്പയിനുമായി കുവൈത്ത്. 30 കുവൈത്ത് ചാരിറ്റി സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ ഫലസ്തീനികൾക്കായി 1,200 ടൺ ദുരിതാശ്വാസ സഹായം സംഭരിക്കുന്നതാണ് കാമ്പയിൻ. തുർക്കിയ റെഡ് ക്രസന്റ് സഹകരണത്തോടെയാണ് കുവൈത്ത് റിലീഫ് സൊസൈറ്റി കാമ്പയിൻ.
കുവൈത്തിന്റെ മാനുഷിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കാമ്പയിൻ. കുവൈത്ത് ഫലസ്തീൻ ജനതകൾക്കിടയിലുള്ള ഇസ്ലാമിക അറബ് ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും തെളിവാണ് ഇതെന്നും സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറലും ‘ഗസ്സ ഷിപ്’ പ്രചാരണ ജനറൽ സൂപ്പർവൈസറുമായ ഒമർ അൽ തുവൈനി പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ പരിക്കേറ്റവർക്കും പലായനം ചെയ്യപ്പെടുന്നവർക്കും പിന്തുണയും ആശ്വാസവും നൽകലാണ് ലക്ഷ്യം. ആശുപത്രികൾ, സ്കൂളുകൾ, അഭയകേന്ദ്രങ്ങൾ എന്നിവക്കും പിന്തുണ നൽകും. ഗസ്സയിൽ ആവശ്യമായ മെഡിക്കൽ വസ്തുക്കൾ, ഭക്ഷ്യ വിഭവങ്ങൾ, പാർപ്പിട വസ്തുക്കൾ എന്നിവയുടെ ക്ഷാമം നികത്താനും ശ്രമിക്കും. കാമ്പയിനിലൂടെ എട്ടു ലക്ഷം ദീനാർ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഗസ്സ ഷിപ്’ ഡിസംബർ പകുതിക്ക് മുമ്പ് തുർക്കിയ തുറമുഖങ്ങളിൽനിന്ന് ഈജിപ്ഷ്യൻ തുറമുഖമായ അൽ അരിഷിലേക്ക് പുറപ്പെടും. കുവൈത്തിൽ നിന്ന് ഗസ്സയിലേക്ക് നേരത്തെ അയച്ച സഹായങ്ങളുടെ തുടർച്ചയായാണ് ‘ഗസ്സ ഷിപ്’ കാമ്പയിനെന്നും ഒമർ അൽ തുവൈനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

