ഗസ്സ സമാധാന കരാർ; പ്രതീക്ഷയോടെ ലോകം
text_fieldsഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അമീറിനുള്ള ക്ഷണം കുവൈത്തിലെ ഈജിപ്ത് അംബാസഡർ മുഹമ്മദ് അബു അൽ വഫ വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യക്കു കൈമാറുന്നു
കുവൈത്ത് സിറ്റി: തിങ്കളാഴ്ച ഈജിപ്തിലെ ശറമുശൈഖിൽ നടക്കുന്ന അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഫ് അൽസീസിയുടെയും ക്ഷണം. ഉച്ചകോടിയിലേക്ക് അമീറിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കുവൈത്തിലെ ഈജിപ്ത് അംബാസഡർ മുഹമ്മദ് അബു അൽ വഫ വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യക്കു കൈമാറി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഫ് അൽസീസിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ജോയിന്റ് ചെയർമാൻഷിപ്പിലാണ് ഗസ്സ സമാധാന ഉച്ചകോടി നടക്കുന്നത്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക, പശ്ചിമേഷ്യൻ മേഖലയിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക, പ്രാദേശിക സമാധാനത്തിന്റെയും സുസ്ഥിരതയുടെയും പുതിയ അധ്യായം എഴുതിച്ചേർക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും 20ലേരെ രാഷ്ട്രത്തലവൻമാരും ഉച്ചകോടിയിൽ പങ്കെടുക്കും.
ഇറ്റലി, സ്പെയിൻ പ്രധാനമന്ത്രിമാർ ഉൾപ്പെടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജോർഡൻ, തുർക്കി, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിക്കെത്തുന്നുണ്ട്. നേരത്തെ, മൂന്ന് നാൾ നീണ്ട ഇസ്രായേൽ-ഹമാസ് ചർച്ചക്കുശേഷം വ്യാഴാഴ്ച ഒന്നാം ഘട്ട കരാറും വെടിനിർത്തലും നിലവിൽ വന്നിരുന്നു. ഒന്നാംഘട്ട കരാറിലെ മറ്റു വ്യവസ്ഥകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്നാണ് സൂചന. നാളെ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ധാരണയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

