ഗസ്സ അടിയന്തിര ദുരിതാശ്വാസ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം ആരംഭിച്ച അടിയന്തര ദുരിതാശ്വാസ കാമ്പയിനിൽ ശേഖരിച്ചത് 6,546,078 ദീനാർ (ഏകദേശം 21.4 ദശലക്ഷം യു.എസ് ഡോളർ).
ഞായറാഴ്ച ആരംഭിച്ച മൂന്നു ദിവസത്തെ കാമ്പയിൻ ബുധനാഴ്ച അവസാനിച്ചു. വിദേശകാര്യ മന്ത്രാലയം,കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, ചാരിറ്റി സംഘടനകൾ, ഫൗണ്ടേഷനുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു കാമ്പയിൻ.
വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഗണ്യമായ സംഭാവനകൾ കാമ്പയിനിൽ ലഭിച്ചതായി സാമൂഹികകാര്യ മന്ത്രാലയ വക്താവ് യൂസുഫ് സെയ്ഫ് പറഞ്ഞു.
സെക്രട്ടേറിയറ്റ് ജനറൽ ഓഫ് ഔഖാഫ് 500,000 ദീനാർ, ഇൻസാൻ ചാരിറ്റി സൊസൈറ്റി 1.5 ദശലക്ഷം ദീനാർ എന്നിങ്ങനെ നൽകി. ഓൺലൈൻ സംഭാവനകളിൽ സാമൂഹിക കാര്യ മന്ത്രാലയം നടത്തുന്ന ‘കുവൈത്ത് ബിസൈഡ് യു’ പ്ലാറ്റ്‌ഫോം 2,515,795 ദീനാർ, ഡയറക്ട് എയ്ഡ് സൊസൈറ്റി 1,318,854 ദീനാർ,പേഷ്യന്റ് ഹെൽപ്പിംഗ് ഫണ്ട് സൊസൈറ്റി 476,012 ദീനാർ, റിവൈവൽ ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് സൊസൈറ്റി 235,443 ദീനാർ എന്നിങ്ങനെ ശേഖരിച്ചു.
അംഗീകൃത മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി ഭക്ഷ്യവസ്തുക്കളുടെ സംഭാവനകളും സ്വീകരിച്ചു. കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയിൽ നിന്ന് മാത്രമായി ഇത് നിർബന്ധമാക്കിയിരുന്നു. ഈജിപ്ത്, ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ഏജൻസികൾ വഴി സഹായം ഗസ്സയിലെത്തിക്കും. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

