ഫെഡറൽ സംവിധാനങ്ങളെ തകർക്കാനുള്ള നീക്കം ചെറുക്കണം -ഗായത്രി വർഷ
text_fieldsകല കുവൈത്ത് സാംസ്കാരിക സമ്മേളനത്തിൽ ഗായത്രി വർഷ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കാനുള്ള ബി.ജെ.പി ഭരണകൂടത്തിനെതിരെ നിരന്തരം കലഹിക്കാൻ ഓരോരുത്തരും തയാറാകണമെന്ന് ചലച്ചിത്ര, സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ. ബി.ജെ.പിയിതര സംസ്ഥാനങ്ങളോട് കേന്ദ്രം തുടരുന്ന അവഗണനക്കെതിരെയുള്ള യോജിച്ച പോരാട്ടങ്ങളോട് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഡൽഹിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മുഴങ്ങിക്കേട്ടത് ഓരോ ഇന്ത്യക്കാരുടേയും ശബ്ദമാണെന്നും ഗായത്രി വർഷ പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന സമ്മേളനത്തിൽ കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. പ്രവീൺ നന്ദിലത്ത്(കേരള അസോസിയേഷൻ), സത്താർ കുന്നിൽ (ഐ.എൻ.എൽ), സുബിൻ അറക്കൽ (പ്രവാസി കേരള കോൺഗ്രസ്), ആർ. നാഗനാഥൻ (ലോക കേരള സഭ അംഗം), ആശാലത ബാലകൃഷ്ണൻ (വനിത വേദി കുവൈത്ത്) എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജോ. സെക്രട്ടറി ബിജോയ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കല കുവൈത്ത് പ്രവർത്തകർ അണിയിച്ചൊരുക്കിയ വിപ്ലവഗാനങ്ങളുടെ അവതരണവും നടന്നു. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

