ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച് മറിച്ചുവിൽപന; 13 അംഗ സംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികളും മോഷ്ടിച്ച സാധനങ്ങളും
കുവൈത്ത് സിറ്റി: ട്രാൻസ്ഫോർമറുകളും ഇലക്ട്രിക്കൽ കേബിളുകളും മോഷ്ടിച്ച് മറിച്ചുവിൽക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള സംഘം പിടിയിൽ. ഒരു പൗരനും അഞ്ച് ഏഷ്യൻ നിവാസികളും ഏഴ് അറബ് നിവാസികളും ഉൾപ്പെടെ 13 അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഴ്ചകളോളം നീണ്ട സൂക്ഷ്മ നിരീക്ഷണത്തിനും വിപുലമായ അന്വേഷണങ്ങൾക്കും ശേഷം ജാബിർ അൽ അഹ്മദ് ഇൻവെസ്റ്റിഗേഷൻ ഓഫിസിലെ ഡിറ്റക്ടീവുകളാണ് പ്രതികളെ കണ്ടെത്തിയത്. ജലീബ് അൽ ശുയൂഖിൽനിന്ന് മോഷ്ടിച്ച കേബിളുകൾ കൊണ്ടുപോകുന്നതിനിടെയാണ് പ്രധാന പ്രതിയെ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്. കൂടുതൽ അന്വേഷണങ്ങളിൽ സംഘത്തിൽപെട്ട ബംഗ്ലാദേശികളും ഇന്ത്യക്കാരും അടക്കമുള്ളവർ പിടിയിലായി. കേബിൾ മോഷണങ്ങളിലും അവ മറിച്ചുവിൽക്കുന്നതിലും തങ്ങൾക്ക് പങ്കുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.
മോഷ്ടിച്ച കേബിളുകൾ സൂക്ഷിക്കാൻ സ്വദേശി കെട്ടിട ഉടമയുടെ പിന്തുണയും പ്രതികൾ വ്യക്തമാക്കി. ഇയാളെ പിടികൂടിയതോടെ കുറ്റകൃത്യങ്ങളിലുള്ള പങ്കും ലാഭം പങ്കിട്ടതായും തെളിഞ്ഞു. സംഭരണ സ്ഥലത്തുനിന്ന് മോഷ്ടിക്കപ്പെട്ട സർക്കാർ കേബിളുകളുടെ വലിയ ശേഖരം സുരക്ഷ സംഘങ്ങൾ കണ്ടെത്തി.
അതേസമയം, മോഷ്ടിച്ച കേബിളുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ മറ്റൊരു സംഭവത്തിൽ തൊഴിലാളികൾ പിടിയിലായി. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയ പദ്ധതികളിലെ അവശേഷിക്കുന്ന കേബിളുകൾ സർക്കാർ സ്റ്റോറുകളിലേക്ക് തിരികെ നൽകുന്നതിന് പകരം മറ്റൊരാൾക്ക് വിൽപന നടത്തുകയായിരുന്നു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതു സ്വത്ത് സംരക്ഷിക്കുന്നതിനുമായി രാജ്യത്തുടനീളം സുരക്ഷ പരിശോധനകൾ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

