ജലീബ് അൽ ഷുയൂഖിൽ ‘ഗുണ്ടാ വിളയാട്ടം’; പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. ജലീബ് അൽ ഷുയൂഖിൽ ‘ഗുണ്ടാ വിളയാട്ടം’ പതിവാക്കിയ സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സുരക്ഷാവിഭാഗമാണ് പിടികൂടിയത്. ഉപദ്രവിക്കാതിരിക്കാൻ തെരുവു കച്ചവടക്കാർ, തൊഴിലാളികൾ എന്നിവരിൽനിന്ന് സംഘം പണം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രതികരണം ഉയരില്ല എന്നതിനാൽ ഏഷ്യൻ പ്രവാസികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
ശല്യം തുടർന്നതോടെ പ്രവാസികളും കച്ചവടക്കാരും നൽകിയ പരാതികളെ തുടർന്നാണ് നടപടി. സംഘത്തിലെ അംഗങ്ങൾ വിൽപനക്കാരിൽനിന്ന് പണം പിരിക്കുന്നതിന്റെ വിഡിയോയും ക്രിമിനൽ സുരക്ഷാസംഘം പരിശോധിച്ചു. തുടർന്ന് അന്വേഷണ സംഘം രഹസ്യനീക്കത്തിലൂടെ ഗുണ്ടാ സംഘത്തിലെ ഒരാളെ പിടികൂടുകയായിരുന്നു. പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കൈയോടെ പിടിക്കപ്പെട്ടത്. സംഘത്തിലെ മറ്റു അംഗങ്ങളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവയെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
സംശയാസ്പദമായതോ സമാനമായതോ ആയ കുറ്റകൃത്യങ്ങളും നടപടികളും റിപ്പോർട്ട് ചെയ്യണമെന്നും ഉണർത്തി. രാജ്യത്തെ എല്ലാ സമൂഹങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

